പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്താതെ വിവാഹം റജിസ്റ്റർ ചെയ്ത് അഖിലും കൃഷ്ണപ്രിയയും; ആശംസയുമായി മന്ത്രി

Mail This Article
തിരുവനന്തപുരം∙ പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്താതെ വിഡിയോ കെവൈസി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് പരിധിയിലെ വിവാഹം റജിസ്റ്റർ ചെയ്ത് അഖിലും കൃഷ്ണപ്രിയയും. ഓഡിറ്റോറിയത്തിൽ തന്നെ അപേക്ഷ നൽകുകയും ഉടൻ തന്നെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും മന്ത്രി ജി.ആർ.അനിലും ആശംസയ്ക്കൊപ്പം സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പിയും വധൂവരന്മാർക്ക് കൈമാറി. കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ സി.പി ഓഡിറ്റോറിയമാണ് അപൂർവ നിമിഷത്തിന് വേദിയായത്.
കരകുളം ഗ്രാമപഞ്ചായത്തിലെ ശ്രീലകത്ത് മുരളീധരൻനായർ – ശ്രീകല ദമ്പതികളുടെ മകനായ അഖിലും ചിറയിൽ വീട്ടിലെ രാധാകൃഷ്ണൻ നായർ – ഉഷാകുമാരി ദമ്പതികളുടെ മകളായ കൃഷ്ണപ്രിയയുമാണ് ചൊവ്വാഴ്ച വട്ടപ്പാറ സിപി ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞയുടൻ തന്നെ ദമ്പതികൾ ഓഡിറ്റോറിയത്തിൽ വച്ച് വിഡിയോ കെ സ്മാർട്ടിലെ വിഡിയോ കെവൈസി സംവിധാനം ഉപയോഗിച്ച് റജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചു. അപേക്ഷ കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓൺലൈനായി അപ്രൂവ് ചെയ്തതോടെ വിവാഹ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കുകയായിരുന്നു. 3 മിനിട്ടിലാണ് ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചത്.
ദമ്പതികളെ ആശംസകളറിയിക്കാനെത്തിയ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നേരിട്ട് കൈമാറുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണിയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ടിലൂടെയുള്ള ആദ്യത്തെ വിവാഹ റജിസ്ട്രേഷനാണ് അഖിലിന്റെയും കൃഷ്ണപ്രിയയുടെയും. പഞ്ചായത്ത് ഓഫിസുകളിൽ പോകാതെ വിഡിയോ കെവൈസി വഴി എഐ സഹായത്തോടെ വിവാഹ റജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാനാവുന്നുവെന്നതാണ് കെ സ്മാർട്ടിന്റെ പ്രത്യേകത.
2024 ജനുവരി ഒന്നു മുതൽ നഗരസഭകളിൽ വിജയകരമായി നടപ്പിലാക്കുന്ന കെ സ്മാർട്ട് ഈ ഏപ്രിൽ മുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിനു മുന്നോടിയായി കെ സ്മാർട്ടിന്റെ പൈലറ്റ് ലോഞ്ച് ജനുവരി ഒന്നു മുതൽ തിരുവനന്തപുരത്തെ കരകുളം ഗ്രാമപഞ്ചായത്തിൽ നടക്കുകയാണ്. കെ സ്മാർട്ട് നടപ്പിലാക്കി ആദ്യ നാല് ദിവസം കൊണ്ടുതന്നെ ഏതാണ്ട് എല്ലാ സേവനങ്ങളും കരകുളത്ത് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.