‘അന്നൊരു മൂർഖൻ പാമ്പു വീട്ടിൽ കയറി, അതിന്റെ ശബ്ദവും ഞാൻ അനുകരിക്കാറുണ്ട്...’; ഈ വീടാണ് നയനയുടെ ഗുരു!
Mail This Article
തിരുവനന്തപുരം ∙ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദം അനുകരിക്കാൻ നയനയെ ആരും പഠിപ്പിക്കേണ്ടതില്ല. ടാർപോളിൻ ഷീറ്റിട്ടു മറച്ച അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ കാക്കയും കോഴിയും പൂച്ചയും മുതൽ ഇഴജന്തുക്കൾ വരെ കയറിയിറങ്ങുന്നതു നയനയ്ക്കു പതിവു കാഴ്ചയാണ്. ഹയർ സെക്കൻഡറി മിമിക്രിയിൽ അനായാസം ജീവികളുടെ ശബ്ദമനുകരിച്ച് എ ഗ്രേഡ് നേടിയ ശേഷം നയന പറഞ്ഞു: ‘രണ്ടുവർഷം മുൻപു വീട്ടിലൊരു വലിയ മൂർഖൻ പാമ്പു കയറി.അതിന്റെ ശീൽക്കാര ശബ്ദം കേട്ടു ഞാനും അമ്മയും പുറത്തേക്കോടി രക്ഷപ്പെട്ടു. ആ പാമ്പിന്റെ ശബ്ദവും ഞാൻ അനുകരിക്കാറുണ്ട്...’
തൃശൂർ നന്തിക്കര ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണു നയന മണികണ്ഠൻ. ഇരിങ്ങാലക്കുട ആനന്ദപുരം അരീക്കരയിൽ പരേതനായ മണികണ്ഠന്റെയും പ്രീതിയുടെയും മകൾ. മണികണ്ഠൻ നന്നായി ശബ്ദാനുകരണം നടത്തുമായിരുന്നു. മൃഗങ്ങളുടെയൊക്കെ ശബ്ദം അനുകരിക്കാൻ അച്ഛൻ തന്നെ മകളെ പഠിപ്പിച്ചു. ഗുരുതര ഉദരരോഗം ബാധിച്ചു 4 വർഷം മുൻപു മണികണ്ഠൻ മരിച്ചതോടെ നയനയും കുഞ്ഞനുജത്തിയും പ്രീതിയും അമ്മൂമ്മ തങ്കമണിയും ദുരിതത്തിലായി.
പ്രീതി തയ്യലിലൂടെ കണ്ടെത്തുന്ന തുച്ഛവരുമാനമാണ് കുടുംബത്തെ പിടിച്ചുനിർത്തുന്നത്.നയന സംസ്ഥാന കലോത്സവത്തിനു യോഗ്യത നേടിയതറിഞ്ഞു സമീപത്തെ ക്ഷേത്രക്കമ്മിറ്റി സ്വരൂപിച്ചു നൽകിയ 1,000 രൂപയുമായാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. എ ഗ്രേഡുമായി മടങ്ങുന്നതിന്റെ സന്തോഷമുണ്ടെങ്കിലും ജീവിതം ഇനിയെന്തെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തരമില്ല.