ഇടുക്കി ആമയാറിലെ തേയിലത്തോട്ടത്തിൽ സന്തോഷം വന്നു നുള്ളിയപ്പോൾ
Mail This Article
സീൻ: ഇടുക്കി ആമയാറിലെ തേയിലത്തോട്ടം. ‘മത്സരം കഴിഞ്ഞുകാണും, പക്ഷേ, വിളി വന്നില്ലല്ലോ’. തേയില നുള്ളുന്നതിനിടെ പലതവണയായി വസന്തി ഫോണിൽ നോക്കിക്കൊണ്ടു ഭർത്താവ് ഈശ്വരനോടു പറഞ്ഞു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ മകൾ അഞ്ജലി ഈശ്വരൻ മത്സരിക്കുന്നുണ്ട്. ‘ഫലം വരുമ്പോൾ അവർ വിളിക്കുമെടീ...’ – ഈശ്വരൻ ഇതും പറഞ്ഞ് ഇലനുള്ളൽ തുടർന്നു. ഫോൺ ബെല്ലടിച്ചപ്പോൾ വസന്തി ആകാംക്ഷയോടെ ഫോണെടുത്തു. ‘അമ്മേ, എ ഗ്രേഡ് ഉണ്ട്’ – അഞ്ജലിയുടെ സന്തോഷം നിറഞ്ഞ വാക്കുകൾ. ഫോൺ കട്ട് ചെയ്യാതെ അതേ ആവേശത്തിൽ വസന്തി ഈശ്വരനെ ആ വിവരം അറിയിച്ചു.
കുച്ചിപ്പുഡിയിലും അഞ്ജലി എ ഗ്രേഡ് നേടിയിരുന്നു. ഇരട്ട സഹോദരൻ ആര്യനും കുച്ചിപ്പുഡിയിൽ എ ഗ്രേഡും കഥകളിയിൽ ബി ഗ്രേഡുമുണ്ട്. ഇരുവരും വണ്ടൻമേട് സെന്റ് ആന്റണീസ് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥികൾ.‘നമുക്കും കാണാൻ പോകാമായിരുന്നു’ – ഫോൺ വച്ചതിനു ശേഷം വസന്തി ഈശ്വരനോട് പറഞ്ഞു.‘ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ, 3 ദിവസം പണി മുടങ്ങിയാലെങ്ങനെ ജീവിക്കും? 2 ലക്ഷത്തോളം രൂപ ലോൺ എടുത്തല്ലേ അവരെ തിരുവനന്തപുരത്തിന് അയച്ചത്. അതും വീട്ടണ്ടേ’– ഈശ്വരന്റെ ചോദ്യത്തിനു വസന്തിക്ക് മൗനം ഉത്തരം.