ട്രിവാൻഡ്രം അടിപൊളി; സംഘാടക മികവിന്റെ സാക്ഷ്യമായി തിരുവനന്തപുരം കലോത്സവം

Mail This Article
തിരുവനന്തപുരം∙ ഒട്ടേറെ ആഘോഷങ്ങൾക്കു വേദിയാകുന്ന തലസ്ഥാന നഗരത്തിനു സർവകലാസ്വാദനത്തിന്റെ വേറിട്ട ഉത്സവമായാണ് 5 ദിവസം നീണ്ട സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയത്. 14 ജില്ലകളിലെയും ഏറ്റവും മികച്ച കലാപ്രതിഭകൾ മാറ്റുരച്ച പരിപാടി കാര്യമായ പരാതികളില്ലാതെയും മത്സരങ്ങൾ അർധരാത്രി കഴിഞ്ഞും നീളുന്ന പതിവു തെറ്റിച്ചും ജനപങ്കാളിത്തം ഉറപ്പാക്കിയും സംഘടിപ്പിക്കാനായതു പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനമായി. മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 3 മാസത്തിലേറെ നീണ്ട ആസൂത്രണവും ഏകോപനവുമാണു സംഘാടനം മികവുറ്റതാക്കിയത്.
12,701 വിദ്യാർഥികളും അധ്യാപകരും സംഘാടകരും വൊളന്റിയർമാരും അടക്കം കാൽലക്ഷത്തോളം പേർ പങ്കാളികളായ കലോത്സവത്തിനായി സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു. വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റികളാണ് ഓരോ വിഭാഗത്തിന്റെയും ചുമതല വഹിച്ചത്.ടീമുകളെ വരവേറ്റതു മുതൽ വേദികളിലേക്കും താമസ–ഭക്ഷണ കേന്ദ്രങ്ങളിലേക്കും സൗജന്യ ഗതാഗതം ഏർപ്പാടാക്കിയതും 25 വേദികളിലെ സമയക്രമം പാലിച്ചുള്ള മത്സരനടത്തിപ്പും സംഘാടകമികവിന്റെ സാക്ഷ്യമായി. പുത്തരിക്കണ്ടത്തെ ഭക്ഷണപ്പുരയിൽ രാവിലെ 7 മുതൽ അർധരാത്രിയോളം കുറവേതുമില്ലാതെ 3 നേരം പതിനായിരങ്ങൾക്കു ഭക്ഷണം വിളമ്പി.
വിധികർത്താക്കളെ നിരീക്ഷിക്കാൻ ഇന്റലിജൻസ് – വിജിലൻസ് വിഭാഗങ്ങളെ നിയോഗിച്ചിരുന്നു. ഓരോ ദിവസവും അവർ മന്ത്രി വി.ശിവൻകുട്ടിക്കു റിപ്പോർട്ട് നൽകി. വേദികളിൽ തർക്കങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമെങ്കിലും ഇത്തവണ വിധിനിർണയത്തിനെതിരെ പരസ്യപ്രതിഷേധം ഉയർന്നതു മാപ്പിളപ്പാട്ടിൽ മാത്രം. നാടക – മിമിക്രി മത്സരങ്ങളിൽ ആ രംഗത്തു നിന്നുള്ളവർക്കു പകരം ചലച്ചിത്ര സംവിധായകരെ വിധികർത്താകളാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി.
മികച്ച പ്രകടനങ്ങൾ ആസ്വദിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എല്ലാ വേദികളിലും കാണികളേറെയെത്തി. നാടകവേദിയായ ടഗോർ തിയറ്ററിലാകട്ടെ ആദ്യാവസാനം ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. മത്സരനടപടികളെല്ലാം ഓൺലൈനാക്കിയും തത്സമയ വിവരങ്ങളും ഫലങ്ങളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കിയും കലോത്സവത്തെ ഹൈടെക്കാക്കിയത് വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് ആണ്. ഹരിതകർമസേനയുടെയും വൊളന്റിയർമാരുടെയും നേതൃത്വത്തിൽ എല്ലാ വേദികളിലെയും മാലിന്യം കാര്യക്ഷമമായി കൈകാര്യം ചെയ്തു.