കലോത്സവം: നിര്‍ണായക പങ്കുവഹിച്ച് ജല അതോറിറ്റി; ഊട്ടുപുരയ്ക്ക് വിതരണം ചെയ്തത് 4 ലക്ഷം ലീറ്റര്‍ വെള്ളം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചതിന്റെ അഭിമാനത്തിലാണ് സംസ്ഥാന ജല അതോറിറ്റി. ഊട്ടുപുരയ്ക്കു വേണ്ടി മാത്രം 4 ലക്ഷം ലീറ്ററോളം കുടിവെള്ളം വിതരണം ചെയ്തതായി ജല അതോറിറ്റി അറിയിച്ചു. സുഗമമായി വെള്ളം എത്തിക്കാന്‍ സ്വീകരിച്ച നടപടികളെ പാചകത്തിനു ചുക്കാന്‍ പിടിച്ച പഴയിടം മോഹനന്‍ നമ്പൂതിരി പ്രശംസിക്കുകയും ചെയ്തു.
കലോത്സവവേദികള്‍, അക്കോമഡേഷന്‍ സെന്ററുകള്‍, പുത്തരിക്കണ്ടത്ത് പ്രവര്‍ത്തിച്ച ഊട്ടുപുര എന്നിവിടങ്ങില്‍ കുടിവെള്ളം സുഗമമായി എത്തിക്കുന്നതിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരം, ജല അതോറിറ്റി എല്ലാ സ്ഥലങ്ങളിലും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും നിലവിലുള്ള കൂടിവെള്ള സംവിധാനം, ജലസംഭരണശേഷി, കൂടുതലായി വേണ്ടിവരുന്ന ജലസംഭരണ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ അധികാരികളുമായി ചേര്‍ന്ന് കുടിവെള്ള സ്റ്റോറേജ് ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കുടിവെള്ള ടാങ്കറുകളില്‍ വെള്ളം നിറയ്ക്കുന്നതിനായി പ്രത്യേക വെന്റിങ്ങ് പോയിന്റുകള്‍ സജ്ജീകരിച്ചു.
എല്ലാ സെന്ററുകളിലും നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പുത്തരിക്കണ്ടത്തു പ്രവര്‍ത്തിച്ച ഊട്ടുപുരയ്ക്കായി ജല ലഭ്യത കൂടുതലുള്ള ഭാഗത്തുനിന്നും 75 മി.മി. വ്യാസമുള്ള പ്രത്യേക പൈപ്പ് ലൈന്‍ എത്തിച്ച് 2000 ലീറ്റര്‍ സംഭരണ ശേഷിയുള്ള 15 വാട്ടര്‍ ടാങ്കുകളില്‍ ഇടതടവില്ലാതെ ജലം നിറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ 10000 ലീറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്കര്‍ ലോറി പൂര്‍ണ്ണമായും നിറച്ച അവസ്ഥയില്‍ പുത്തരിക്കണ്ടം മൈതാനത്ത് തന്നെ നിര്‍ത്തിയിരുന്നു.
ഊട്ടുപുരയ്ക്കു വേണ്ടി മാത്രം 4 ലക്ഷം ലീറ്ററ്ററോളം കുടിവെള്ളം വിതരണം ചെയ്തിരുന്നു. അടിയന്തര അറ്റകുറ്റപണികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂബ്രിഗേഡിന്റെ പ്രവര്‍ത്തനവും പ്രയോജനപ്പെടുത്തി. കൂടാതെ പുത്തരിക്കണ്ടം പ്രയോജന മൈതാനത്ത് സ്ഥാപിച്ച താല്‍കാലിക ശുചിമുറികള്‍ ജല അതോറിറ്റിയുടെ സ്വിവറേജ് സംവിധാനവുമായി ബന്ധിപ്പിച്ച് അതിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കിയെന്നും അധികൃതര്‍ അറിയിച്ചു.