ADVERTISEMENT

തിരുവനന്തപുരം ∙  കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് അസാധ്യദൗത്യം ഇത്തവണയും വിജയമാക്കിയത്.  

ഒരുനേരം 30,000 ഇഡ്ഡലി; 1500 കിലോ അരി
പ്രഭാതഭക്ഷണമാണു കലവറയിലെ ആദ്യദൗത്യം. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, ദോശയും ചമ്മന്തിയും എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ. പുട്ട് ആയാലും ഇഡ്ഡലി ആയാലും ദോശയായാലും 30,000 എണ്ണം വീതം ദിവസവും തയാറാക്കി. 500 ലീറ്റർ കറിയും. കുറഞ്ഞത് 5000 പേർ വീതം പ്രഭാതഭക്ഷണം കഴിച്ചെന്നാണു കണക്ക്. ഭക്ഷണക്കമ്മിറ്റിയുടെ ചുമതല വഹിച്ച കെഎസ്ടിഎയുടെ നേതൃത്വത്തിൽ 12 കൗണ്ടറുകൾ വീതമൊരുക്കിയാണു ഭക്ഷണം വിളമ്പുന്നത് ഏകോപിപ്പിച്ചത്. ഓരോ കൗണ്ടറിലും 30 പേർ വിളമ്പി. രാവിലെ 7ന് ആരംഭിച്ച പ്രഭാതഭക്ഷണം 11.30 വരെ നീണ്ടു.

ഉച്ചയൂണിനു പല അടുപ്പുകളിലായി 1500 കിലോ അരിയാണ് ഒരേസമയം വെന്തു ചോറായത്. ദിവസവും മാറിമാറി സാമ്പാർ, പുളിശേരി, പരിപ്പ്, ‘മീനില്ലാത്ത മീൻകറി’, വിവിധ തരം തോരനുകൾ, മെഴുക്കുപുരട്ടികൾ, അച്ചാർ തുടങ്ങിയവ ചോറിനു കൂട്ടായെത്തി. ഉച്ചയൂണിനു മാത്രം ശരാശരി 6000 ലീറ്റർ കറികൾ വേണ്ടിവന്നു. ഉച്ചയൂണിനുണ്ടാക്കിയ കറികൾ ആ ഒരുനേരം മാത്രമേ ഉപയോഗിച്ചുള്ളൂ. വൈകിട്ട് 5.30വരെ ഉച്ചഭക്ഷണം വിളമ്പേണ്ടിവന്നു. പാലട, പയർ, അടപ്രഥമൻ, കുമ്പളങ്ങ, കടല എന്നിങ്ങനെ പലതരം പായസങ്ങളും കൊടുത്തു.

പുതുഭക്ഷണം, അത്താഴം
ഉച്ചയ്ക്കു വ‍ിളമ്പുന്ന വിഭവങ്ങളിൽ പായസമൊഴികെയുള്ളവ ചേരുന്നതാണ് അത്താഴം. പക്ഷേ, ഉച്ചയ്ക്കു വിളമ്പിയ കറിയോ ചോറോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നു ഭക്ഷണക്കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും ജനറൽ കൺവീനർ എ.നജീബും പറയുന്നു. എത്ര വൈകി മത്സരം കഴിഞ്ഞു വന്നാലും അത്താഴം സജ്ജമാക്കി. രാത്രി ഒന്നേകാൽ വരെ ഭക്ഷണം വിളമ്പിയ ദിവസങ്ങളുണ്ട്. ഉടൻ പിറ്റേന്നു പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കം തുടങ്ങും.  80 പേർ വീതം  ദൗത്യത്തിൽ പങ്കെടുത്തു.

English Summary:

State School Kalolsavam's massive kitchen fed nearly 200,000 people. Pazhayidom Mohanan Namboothiri's tireless efforts ensured the smooth running of this incredible logistical operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com