ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിൽ മാലിന്യം കുന്നുകൂടി
Mail This Article
ബാലരാമപുരം∙ മാലിന്യ നീക്കത്തിനും സംസ്കരണത്തിനും പദ്ധതികളില്ലാത്ത ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിൽ തെരുവോരങ്ങളിലും പൊതുഇടങ്ങളിലും മാലിന്യം കുന്നുകൂടുന്നു. ഇരുട്ടിന്റെ മറവിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പഞ്ചായത്തുതലത്തിൽ സ്ക്വാഡുകൾ പ്രവർത്തിക്കുകയും പലരെയും പിടികൂടി ഫൈനടപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും തെരുവിൽ കുമിഞ്ഞുകൂടുന്ന മാലിന്യത്തിന് കുറവില്ല. സ്ക്വാഡുകൾ നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കി മറ്റുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരും ഏറെയാണ്. മാലിന്യം സംസ്കരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ അടിയന്തര പഞ്ചായത്തുകമ്മിറ്റികൾ കൂടുന്നതല്ലാതെ പദ്ധതികൾ രൂപീകരിക്കാനോ പ്രാവർത്തികമാക്കാനോ കഴിയാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഒന്നും രണ്ടും സെന്റ് സ്ഥലങ്ങളിൽ വീടുവച്ച് താമസിക്കുന്നവരും കെട്ടിടങ്ങളുടെ മുകൾ നിലയിലും മറ്റും താമസിക്കുന്നവരും മാലിന്യ സംസ്കരണത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ 4 വർഷത്തിനിടെ 1000 ബയോ ബിന്നുകൾ മാത്രമാണ് പഞ്ചായത്ത് വിതരണം ചെയ്തിട്ടുള്ളത്. 20 വാർഡുകളുള്ള പഞ്ചായത്തിൽ വാർഡൊന്നിന് ശരാശരി 100 ബിന്നുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. 700 ൽ അധികം വീടുകളുള്ള വാർഡുകൾ വരെ ഉള്ളപ്പോഴാണ് ഈ സ്ഥിതി. കരമന–കളിയിക്കാവിള പാത കടന്നുപോകുന്ന ബാലരാമപുരത്ത് പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യ നീക്കത്തിന് ട്രാക്ടറും ഡ്രൈവറും മറ്റും ഉണ്ടായിരുന്നതാണ്. മാസങ്ങൾക്കുമുൻപ് ഇതിന്റെ ഡ്രൈവർ വേണു മരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പകരം ആളെ നിയമിക്കാനോ സംവിധാനം ഏർപ്പെടുത്താനോ ശ്രമിക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാണ്.