കേരള സർവകലാശാല: വിദ്യാര്‍ഥികള്‍ക്കായി നാടന്‍ കളി, കൈവേല മത്സരം സംഘടിപ്പിക്കുന്നു
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല കേരളപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നാടന്‍ കളികളുടെയും കൈവേലകളുടെയും മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതല്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ വിഭാഗങ്ങളിലായി വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമായി മത്സരങ്ങള്‍ നടക്കും. കിളിത്തട്ട്, കുട്ടിയും കോലും, ചട്ടിയും പന്തും, കക്കുകളി, നാടന്‍പന്തുകളി എന്നീ ഔട്ട്‌ഡോര്‍ കളികളാണ് ടീമിനത്തില്‍ നടക്കുക.
വ്യക്തിഗത ഇനത്തില്‍ മരംതൊട്ടുകളി, കുറുക്കനും കോഴിയും കളി, സാറ്റ് കളി, കുളംകര കളി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡോര്‍ വിഭാഗത്തില്‍ ഈര്‍ക്കില്‍കളി, വളപ്പൊട്ടുകളി, പേനകളി, കള്ളനും പൊലീസുംകളി, പുളിങ്കുരുകളി, കൊത്തങ്കല്ലുകളി, തായംകളി, പാമ്പുംകോണിയും കളി എന്നിവയാണ് നടക്കുക. നാടന്‍ കൈവേല മത്സരത്തില്‍ ഓലമെടയല്‍, കളിമണ്‍രൂപങ്ങള്‍, ഓലപ്പന്ത്, ഓലപ്പീപ്പി, ഓലപ്പാമ്പ്, ഓലക്കിളി, ഈര്‍ക്കിലിച്ചൂല് നിര്‍മ്മാണം, ചെരട്ടത്തവി നിര്‍മാണം എന്നിവ നടക്കും.
വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനമായി ലഭിക്കും. കേരള സര്‍വകലാശലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ keralastudies@gmail.com എന്ന ഇ മെയിലില്‍ റജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജനുവരി 31. മത്സരത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും കൊണ്ടുവരണം. വിവരങ്ങൾക്ക്: 8086164033
∙ ലോഗോ ക്ഷണിക്കുന്നു
വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍വകലാശാല കേരളപഠന വിഭാഗം സംഘടിപ്പിക്കുന്ന നാടന്‍ കളികളുടെയും കൈവേലകളുടെയും മത്സരത്തിനായി ലോഗോ ക്ഷണിച്ചു. ലോഗോ പിഡിഎഫ് ഫോര്‍മാറ്റിലോ, ജെപിജിയില്‍ ഇമേജായോ keralastudies@gmail.com എന്ന ഇ മെയിലിലോ 8086164033 എന്ന വാട്‌സാപ് നമ്പരിലോ അയയ്ക്കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് അവാര്‍ഡ് ലഭിക്കും. അവസാന തീയതി ജനുവരി 20.