29.33 കോടി രൂപ വിനിയോഗിച്ച് നെടുമങ്ങാട്ട് പുതിയ മാർക്കറ്റ് നിർമിക്കും
Mail This Article
നെടുമങ്ങാട്∙ നെടുമങ്ങാട്ടെ മാർക്കറ്റ് 29.33 കോടി രൂപ വിനിയോഗിച്ച് പുതിയ നിലവാരത്തിൽ നിർമിക്കും. കുളവിക്കോണത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2 ഏക്കർ 17 സെന്റ് സ്ഥലത്ത് ആണ് പുതിയ മാർക്കറ്റ് നിർമാണം ആരംഭിക്കുന്നത്. പഴയ മാർക്കറ്റ് പൊളിച്ചു മാറ്റി 71,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് നാലു നില കെട്ടിടം നിർമിക്കുക. 26.5 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുകയായിരുന്നത് ടെൻഡർ ചെയ്തപ്പോൾ 12.9% അധികം ആയി ക്വാട്ട് ചെയ്ത പ്രകാരം 29.33 കോടി രൂപയ്ക്ക് ടെൻഡർ അംഗീകരിച്ച് സർക്കാർ നൽകി. ബെയ്സ്മെന്റ് ഫ്ലോർ, വാഹന പാർക്കിങ്, ഇലക്ട്രിക്കൽ റൂം എന്നിവക്കായി നീക്കിവയ്ക്കും. ഗ്രൗണ്ട് ഫ്ലോറിൽ 48 മത്സ്യ സ്റ്റാളുകളും, 24 ഇറച്ചി സ്റ്റാളുകളും ഉൾപ്പെടെ 72 കടമുറികളും സെക്യൂരിറ്റി റൂം, ഓഫിസ് റൂം, സീസീടിവി കൺട്രോൾ റൂം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം നിലയിൽ പഴം, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവയുടെ വിൽപ്പനയ്ക്കായി 112 കടമുറികൾ സജ്ജീകരിക്കും. രണ്ടാം നില ഫുഡ് കോർട്ടിനായി മാറ്റി വച്ചിട്ടുണ്ട്.
എട്ട് ഫുഡ് ഔട്ട്ലറ്റുകളിലൂടെ 120 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യമുണ്ട്. എല്ലാ നിലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വിശാലമായ ടോയ്ലറ്റ് സൗകര്യം ഒരുക്കും. കൂടാതെ 4 ലിഫ്റ്റുകൾ, വൈദ്യുതി ചാർജിനത്തിൽ അധിക ബാധ്യത ഒഴിവാക്കുന്നതിനായി 33 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതി ടെൻഡർ ചെയ്തു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി കരാറിൽ ഏർപ്പെടും.ഇതിനോടനുബന്ധിച്ചു ഉള്ള സ്വാഗത സംഘം രൂപീകരണം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ ചെയർപഴ്സൻ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. ബി.സതിശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.