ഇന്ത്യ മിസൈൽ രംഗത്ത് വൻ ശക്തിയായി മാറും: ഡോ. ടെസി തോമസ്
Mail This Article
തിരുവനന്തപുരം∙ ഇന്ത്യ മിസൈൽ രംഗത്ത് വൻ ശക്തിയായി മാറുമെന്ന് എയ്റോനോട്ടിക്കൽ സിസ്റ്റം മുൻ ഡയറക്ടർ ജനറലും അഗ്നി 4 പ്രോജക്ട് ഡയറക്ടറും ഇന്ത്യയുടെ മിസൈൽ വനിതയുമായ ഡോ. ടെസി തോമസ് അഭിപ്രായപെട്ടു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഞ്ചാമത് പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുക ആയിരുന്നു ടെസി. അഗ്നി- 4 മിസൈൽ പദ്ധതി ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു അന്തർദ്ദേശീയ ബാലിസ്റ്റിക് മിസൈലാണ്. ഇത് ഇന്ത്യയുടെ തന്ത്രപ്രധാന ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായ മിസൈലുകളിൽ ഒന്നാണ്. അഗ്നി പ്രോജക്ടിന്റെ പ്രധാന സവിശേഷതകൾ എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. 5,000 - 8,000 കിലോമീറ്റർ വരെ പരിധിയുള്ള ഒരു അന്തർദ്ദേശീയ ബാലിസ്റ്റിക് മിസൈലാണ് അഗ്നി 4 എന്ന് ടെസി പറഞ്ഞു.
മൾട്ടി സ്റ്റേജ് സോളിഡ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് അഗ്നി പ്രോജക്ടിൽ ഉപയോഗിച്ചിട്ടുള്ളത്. വളരെ ഉയർന്ന കൃത്യതയോടെ ലക്ഷ്യം തുടരാനുള്ള കഴിവ് ഈ മിസൈലിനുണ്ടെന്ന് ടെസി പറഞ്ഞു.എയ്റോ സ്പേസിലും ഇന്ത്യ മുന്നേറി ക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിമാന നിർമ്മാണ മേഖല വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം സ്വന്തമായി റോക്കറ്റ്, ഉപഗ്രഹം എന്നിവ നിർമ്മിക്കുന്നതിനു പുറമേ, സിവിലിയൻ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ തുടങ്ങിയവയും നിർമിക്കുന്നു. ഡ്രോൺ ടെക്നോളജിയിലും ഇന്ത്യ വളരെ വേഗത്തിൽ വളരുന്നതായും ടെസി തോമസ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുക , സാങ്കേതികവിദ്യയിലും ഗവേഷണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവ എന്നത് രാജ്യം ലക്ഷ്യം വക്കുന്ന പ്രതീക്ഷകളാണെന്നും അവർ ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ ഭൗമിക സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം' ശത്രു ഭീഷണികൾക്കെതിരെ രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, തന്ത്രപ്രധാന ശക്തി പ്രദർശനം നടത്തുക , ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സൈനിക ശേഷിയുടെ ശക്തി തെളിയിക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളിൽ പെടുന്നതായും അവർ ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. നിതീഷ് വല്യയ്യത്ത്, പി.ടി.എ പ്രസിഡന്റ് ഡോ. ജോജു ജോൺ ,വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, സീനിയർ അസിസ്റ്റന്റ് ഡോ. ജിബു തോമസ്, ജോജി മോൻ കെ. തോമസ്, ജൂബിലി പ്രോഗ്രാം കൺവീനർമാരായ ബിന്നി സാഹിതി ,എഫ്. ജയിംസ് ,ഡോ.എലിസബത്ത് വിസ്താ പോൾ, ലീന അലക്സ്, ആർ. സുമ എന്നിവർ പങ്കെടുത്തു.