സീബ്രാ ലൈനിലെ ക്രോസിങ് ബുദ്ധിമുട്ടെന്ന് വിദ്യാർഥികൾ
Mail This Article
കല്ലമ്പലം∙ തിരക്കേറിയ റോഡിലെ സീബ്രാ ലൈൻ മറികടക്കാൻ ധാരാളം സമയം എടുക്കുന്നതായും അപകടങ്ങൾക്ക് ഇടയാകുന്നു എന്നും പരാതി. ഇതു സംബന്ധിച്ച് ഞെക്കാട് ഗവ.വിഎച്ച്എസ്എസ, കെടിസിടി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ അധികൃതരെ അറിയിച്ചിട്ടും നടപടി ഇല്ലെന്ന് ആക്ഷേപം. കെടിസിടി സ്കൂൾ വിദ്യാർഥികൾ എംഎൽഎക്കും പരാതി നൽകിയിരുന്നു. തിരക്കേറിയ ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കെടിസിടി സ്കൂളിൽ 3000ൽ അധികം വിദ്യാർഥികളാണ് പഠിക്കുന്നത്.
കൂടാതെ കെടിസിടിയുടെ വിവിധ കോളജുകളും സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. രാവിലെയും വൈകിട്ടും ഈ വിദ്യാർഥികൾ അധികവും റോഡ് മറികടന്നും തിരിച്ചും പോകുന്നവരാണ്. സീബ്രാ ലൈൻ ആശ്രയിച്ചാണ് ക്രോസ് ചെയ്യുന്നത്. എന്നാൽ അമിത വേഗത്തിൽ വരുന്ന ഒരു വാഹനവും ഇവിടെ നിർത്താറില്ല. സാധാരണ റോഡിൽ ക്രോസ് ചെയ്യും പോലെ വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തി അപ്പുറത്തേക്ക് ജീവനും കൊണ്ട് ഓടേണ്ട സ്ഥിതിയാണെന്നും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
സീബ്രാ ലൈനിൽ കാൽ എടുത്ത് വച്ചാൽ വാഹനം നിർത്തണം എന്നാണ് നിയമം. എന്നാൽ സീബ്രാ ലൈനിൽ വിദ്യാർഥികളുടെ കൂട്ടം കയറി നിന്ന് ധാരാളം സമയം ക്രോസ് ചെയ്യാൻ ശ്രമിച്ചാൽ നിർത്തുന്നത് അപൂർവം വാഹനങ്ങളാണ്. മറികടക്കൽ വലിയ പ്രയാസവും അപകടവും നിറഞ്ഞത് ആണെന്ന് വിദ്യാർഥികൾക്ക് ഒപ്പം വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കടുവയിൽ ജംക്‌ഷനിൽ സീബ്രാ ലൈനിലൂടെ മറികടക്കാൻ ശ്രമിച്ച വീട്ടമ്മയെ ബൈക്കിടിച്ചത് ഒരു മാസം മുൻപാണ്. മാവിൻമൂട്ടിലും ഞെക്കാട് ജംക്‌ഷനിലും ഇത്തരം സംഭവങ്ങൾ അടുത്ത സമയത്ത് നടന്നതായി വ്യാപാരികൾ പറയുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ഡ്രൈവിങ് ആണ് അധികവും നടക്കുന്നത് എന്ന പരാതിയും ശക്തമാണ്.
സീബ്രാ ലൈൻ എന്തിനാണെന്നും ഇതിന്റെ പ്രാധാന്യം എന്താണെന്നും അറിയാത്ത ഡ്രൈവർമാർ ധാരാളം ഉണ്ടെന്ന സത്യം പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. പ്രധാന ട്രാഫിക് പോയിന്റുകളിൽ ഹെൽമറ്റ് ധരിക്കാത്തവരെ നോക്കി നിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ട്രാഫിക് ഗാർഡുമാർ എന്നിവരെ എപ്പോഴും കാണാം. എന്നാൽ തൊട്ടടുത്ത സീബ്രാ ലൈനിൽ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾ,വയോധികർ എന്നിവരെ ഇക്കൂട്ടർ മൈൻഡ് ചെയ്യാറില്ല എന്ന പരാതിയും ശക്തമാണ്. ഡ്രൈവർമാർക്ക് ഇത് സംബന്ധിച്ച് പ്രാധാന്യം വ്യക്തമാകുന്ന വിധത്തിൽ ബോധവൽക്കരണം നടത്തുകയും നിയമം പാലിക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ പ്രശ്നം ഒഴിവാകും എന്നാണ് സ്കൂൾ അധികൃതരും റസിഡൻസ് അസോസിയേഷനുകളും വ്യാപാരികളും പറയുന്നത്.