സെന്റ് ആൻഡ്രൂസ് പാലം നിർമാണം പാതിവഴിയിൽ
Mail This Article
കഴക്കൂട്ടം∙ ദേശീയ ജലപാതയുടെ നിർമാണത്തിന്റെ ഭാഗമായി സെന്റ് ആൻഡ്രൂസിൽ നിർമാണം ആരംഭിച്ച പാലം പാതി വഴിയിൽ. മൂന്നു വർഷം മുൻപാണ് സെന്റ് ആൻഡ്രൂസിൽ നിന്ന് ചിറ്റാറ്റുമുക്ക് റോഡിലേക്കു കടക്കുന്നതിന് ഉണ്ടായിരുന്ന പാലം പൊളിച്ചു പണി തുടങ്ങിയത്. ഉൾനാടൻ ഗതാഗത വകുപ്പിനാണ് നിർമാണ ചുമതല. പ്രധാന കോളജുകളിലേക്കും സ്കൂളുകളിലേക്കും കടക്കുന്നതിനുള്ള ഒരു പ്രധാന പാലം ആയിരുന്നു. ഒരു വർഷത്തിനകം പാലത്തിന്റെ നിർമാണം പൂർത്തീകരിക്കും എന്ന ഉറപ്പോടെയാണ് പണി ആരംഭിച്ചത്.
മൂന്നു വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ പണി എങ്ങും എത്തിയിട്ടില്ല. പണി ഇഴഞ്ഞു നീങ്ങുന്നതായി നേരത്തെ തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വർഷങ്ങളായി ഇതു വഴിയുള്ള ഗതാഗതം സാധ്യമല്ല. നാട്ടുകാർ മേനംകുളത്തെ ആറാട്ടുവഴി റോഡോ പുത്തൻതോപ്പ് റോഡോ ആണ് ഇപ്പോൾ ആശ്രയിക്കുന്നത്. ആറാട്ടുവഴി റോഡിൽ സ്ഥിരം വാഹനക്കുരുക്കാണ്.
പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തീരദേശത്തേക്കു പോകാനുള്ള ഇട റോഡുകളും ശോച്യാവസ്ഥയിലാണ്. പാലത്തിന്റെ നിർമാണം വേഗത്തിൽ ആക്കണം എന്ന് നാട്ടുകാർ പല തവണ ഉൾനാടൻ ഗതാഗതവകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. പാലം നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസ് മേനംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും