കുട്ടിക്കഥകളിൽ നിറഞ്ഞ് നിയമസഭ രാജ്യാന്തര പുസ്തകോത്സവം
Mail This Article
തിരുവനന്തപുരം∙ കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്. സ്‌കൂൾ അധികൃതർക്കൊപ്പം കൂട്ടമായും മാതാപിതാക്കൾക്കൊപ്പവും കുട്ടികളെത്തുന്നു. വിദ്യാർഥികൾക്കായി പ്രത്യേകമായി ‘സ്റ്റുഡന്റസ് കോർണർ’ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങൾ, ഗെയിമുകൾ, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കൽ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും നടക്കുന്നുണ്ട്. കുട്ടികൾക്കു നഗരം ചുറ്റുന്നതിനായി കെഎസ്ആർടിസി സിറ്റി റൈഡും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ കുരുന്നുകളാണ് ഈ ഉല്ലാസയാത്ര ആസ്വദിക്കുന്നത്.
ബഷീറിന്റെ മൊഞ്ചത്തികൾ അരങ്ങിലെത്തുന്നു
ബേപ്പൂർ സുൽത്താനും അദ്ദേഹത്തിന്റെ പ്രിയ സ്ത്രീ കഥാപാത്രങ്ങളും കുട്ടികൾക്കു മുന്നിലെത്തും. മലയാളം പള്ളിക്കൂടവും കോട്ടൺഹിൽ സ്കൂൾ മലയാളം ക്ലബ്ബും ചേർന്ന് അവതരിപ്പിക്കുന്ന ‘ബഷീറിന്റെ മൊഞ്ചത്തികൾ’ എന്ന നാടകം നാളെ ഉച്ചയ്ക്ക് 12ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. പുതിയ കാലത്തിനുവേണ്ട അറിവും ആത്മവിശ്വാസവും സ്വയം പര്യാപ്തതയും ആർജിച്ചവരാണ് ബഷീറിന്റെ ‘കുഞ്ഞിപ്പാത്തു’വും ‘സൈനബ’യും ‘സുഹറ’യും ‘പാത്തുമ്മ’യുമെല്ലാം. സ്ത്രീ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ‘നാരായണി’യും ‘ഭാർഗവിക്കുട്ടി’യും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ‘ആയിഷ’യും ലിംഗനീതിയ്ക്കായി ശബ്ദിക്കുന്ന ‘സാറാമ്മ’യും ബഷീറിനൊപ്പം അരങ്ങിലെത്തും.
‘സഹകരണ മേഖലയ്ക്ക് പ്രഫഷനലിസം ആവശ്യം’
∙ സംസ്ഥാനത്ത് സഹകരണ മേഖലയുടെ ശാക്തീകരണത്തിന് പ്രഫഷനലിസം അനിവാര്യമാണെന്ന് വിദഗ്ധർ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘സഹകരണ മേഖലയും പ്രഫഷനലിസവും’ എന്ന ചർച്ചയിൽ അഭിപ്രായപ്പെട്ടു. സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിന് സമഗ്ര പരിശീലന നയം രൂപപ്പെടുത്തണമെന്നു കിക്മ ഡയറക്ടർ ഡോ.രാജേഷ് എസ്.പൈങ്ങാവിൽ പറഞ്ഞു. ഇടപാടുകാരുമായുള്ള ബന്ധം, അക്കൗണ്ടിങ്, ഫിനാൻസ്, നിയമവശം തുടങ്ങിയവയിലുള്ള പരിശീലനം അത്യാവശ്യമാണ്. ബി.രാജേന്ദ്രകുമാർ, ഡോ ഇ.ജി.രഞ്ജിത് കുമാർ, ഡോ.എസ്.രാജേഷ് കുമാർ എന്നിവർ പറഞ്ഞു. ഡോ.ഡി.സജിത് ബാബു മോഡറേറ്ററായിരുന്നു.