നിയമസഭ പുസ്തകോത്സവം: ‘പാട്ടുസഭ’യുമായി മനോരമ; പ്രവേശനം സൗജന്യ പാസ് വഴി
Mail This Article
തിരുവനന്തപുരം∙ കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാള മനോരമ ഒരുക്കുന്ന സംഗീതസന്ധ്യ ‘പാട്ടുസഭ’ നാളെ അരങ്ങേറും. വൈകിട്ട് 6.30 മുതൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മലയാളസിനിമാ ഗാനരംഗത്ത് 40 വർഷങ്ങൾ പൂർത്തിയാക്കിയ ഗായകൻ ജി.വേണുഗോപാലിനെ ചടങ്ങിൽ അനുമോദിക്കും. പരിപാടിക്ക് മിഴിവേകാൻ സ്റ്റീഫൻ ദേവസ്സിയും അദ്ദേഹത്തിന്റെ മ്യൂസിക് ബാൻഡ് ആയ ‘സോളിഡ് ബാൻഡും’ എത്തും. കൂടെ പാട്ടും നൃത്തവുമായി ആടിത്തിമിർക്കാൻ രേഷ്മ രാഘവേന്ദ്ര, പുഷ്പവതി, അരവിന്ദ് വേണുഗോപാൽ, ശ്യാം പ്രസാദ്, ആൻ ബെൻസൺ എന്നിവരും അണിനിരക്കും.
പരിപാടിയുടെ മറ്റൊരു ആകർഷണമായ, നിയമസഭാ സാമാജികർ പങ്കെടുക്കുന്ന ‘മെഡ്‌ലെ’ വിഭാഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ എം.കെ.മുനീർ, പി.സി വിഷ്ണുനാഥ് എന്നിവർ മനോഹര ഗാനങ്ങളുമായി എത്തും. കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ ആൻഡ് സരസ്വതി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ശാന്തിഗിരി ആശ്രമം എന്നിവരാണ് മലയാള മനോരമയുമായി പരിപാടിയിൽ സഹകരിക്കുന്നത്.
പ്രവേശനം സൗജന്യ പാസ് വഴി
മലയാള മനോരമ വായനക്കാർക്കുള്ള സൗജന്യ പാസുകൾ തമ്പാനൂരിലെ മലയാള മനോരമ ഓഫിസിൽ നിന്ന് ഇന്ന് രാവിലെ 10 മുതൽ ലഭിക്കും. പാസുമായി ആദ്യം എത്തുന്നവർക്ക് മുൻഗണനാ ക്രമത്തിലാണ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.