ഹരിത ടൂറിസം: പൊൻമുടി ശുചീകരിച്ചു
Mail This Article
പാലോട്∙ ഹരിത ടൂറിസത്തിന്റെ ഭാഗമായി ഹരിത കേരളം സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ പൊന്മുടി ടൂറിസം കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നദ്ധ സംഘടനയായ യങ് ഇന്ത്യ, വിളപ്പിൽ സരസ്വതി കോളജ്, ഹരിത കേരളം മിഷൻ ആർ പി മാർ, വനസംരക്ഷണ സമിതി അംഗങ്ങൾ ,ഹരിത കർമ സേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പൊന്മുടി അപ്പർ സാനിറ്റോറിയം മുതൽ ഗെസ്റ്റ് ഹൗസ്, സൂചിപ്പാറ, പൊന്മുടി എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലായി 5 ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. അപ്പർ സാനിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.പി. സുധാകരൻ പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കലയപുരം അൻസാരി, എം.എസ്. സിയാദ്, വാർഡ് മെംബർ ആർ.രാധാമണി, യങ് ഇന്ത്യ പ്രതിനിധികളായ ശങ്കരി ഉണ്ണിത്താൻ, രാഹുൽ സ്റ്റീഫൻസൻ, എബ്രഹാം കോശി, വി. രാജേന്ദ്രൻനായർ, ജി. കൃഷ്ണകുമാർ, ആർ.വി. സതീഷ്, പി. അജയകുമാർ, സി. അശോക് എന്നിവർ പ്രസംഗിച്ചു. യങ് ഇന്ത്യ പ്രതിനിധികളിൽ നിന്നു ടൂറിസം കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനുള്ള ബിന്നുകൾ ചടങ്ങിൽ ഏറ്റുവാങ്ങി. ശുചീകരണ പ്രവർത്തനത്തിലൂടെ ശേഖരിച്ച 80 ചാക്ക് അജൈവ വസ്തുക്കൾ തരം തിരിച്ചു പഞ്ചായത്ത് അധികൃതർക്ക് കൈമാറി.