കലോത്സവം: സംഘാടന മികവിന്റെ ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്

Mail This Article
തിരുവനന്തപുരം ∙ 17 ദിനങ്ങൾ നീണ്ട മൂന്നു മേളകൾ. നാൽപതിനായിരത്തിലേറെ മത്സരാർഥികൾ. പിന്നണിയിൽ പരിശീലകരും സംഘാടകരുമായി ആയിരക്കണക്കിന് അധ്യാപകരും ജനപ്രതിനിധികളും. ചരിത്രപരമായ പുതുമകളും പരിഷ്കാരങ്ങളുമായി സംസ്ഥാന സ്കൂൾ കായിക മേളയും ശാസ്ത്ര മേളയും സ്കൂൾ കലോത്സവവും ചിട്ടയോടെ പൂർത്തിയാകുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് ഇത് അഭിമാനനേട്ടം. മേളകൾക്ക് ഇത്തവണ പുതുമോടിയും പ്രൗഢിയും നൽകുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടിയും ടീമും. കായിക മേളയിൽ ഭിന്നശേഷിക്കാരെ കൂടി ഉൾപ്പെടുത്തിയും കലോത്സവത്തിൽ 5 ഗോത്ര നൃത്തരൂപങ്ങൾക്ക് ഇടംനൽകിയും ഉൾക്കൊള്ളലിന്റെ മാതൃകാപരമായ നല്ലപാഠങ്ങളും രചിച്ചു ഇത്തവണത്തെ മേളകൾ.
ചെറിയ പരിപാടികൾ പോലും സംഘടിപ്പിക്കാൻ വിവിധ വകുപ്പുകൾ സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനികളെയും പിആർ ഏജൻസികളെയും വ്യാപകമായി ആശ്രയിക്കുന്നതിനിടെയാണു സർക്കാർ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് ജനകീയ ഉത്സവമായി സംസ്ഥാനത്തെ ഏറ്റവും വലിയ കലാ–കായിക–ശാസ്ത്ര മേളകൾ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം മേയറായി തിളങ്ങിയിട്ടുള്ള വി.ശിവൻകുട്ടിയുടെ സംഘാടന മികവിന്റെ കൂടി സാക്ഷ്യമായിരുന്നു ഈ മേളകൾ. മേളകളുമായി ബന്ധപ്പെട്ട ചെറിയ യോഗങ്ങളിൽ വരെ അദ്ദേഹം പങ്കെടുത്തു. സ്വന്തം തട്ടകത്തിൽ നടന്ന കലോത്സവത്തിനു മാത്രമല്ല, കൊച്ചിയിൽ നടന്ന കായിക മേളക്കും ആലപ്പുഴ വേദിയായ ശാസ്ത്രമേളക്കും മുൻകൂറായി എത്തി മേള കഴിയും വരെ ക്യാംപ് ചെയ്ത് നേതൃത്വം നൽകി.
5 ദിവസത്തെ അത്‌ലറ്റിക് മീറ്റായി ഒരു വേദിയിൽ നടത്താറുള്ള സംസ്ഥാന സ്കൂൾ കായിക മേള ഇത്തവണ എറണാകുളത്ത് സംഘടിപ്പിച്ചത് ഗെയിംസ് കൂടി ഉൾപ്പെടുത്തി ഒളിംപിക്സ് മാതൃകയിൽ 8 ദിവസങ്ങളിലും 17 വേദികളിലുമായിട്ടായിരുന്നു. മത്സരിച്ചത് 23000ൽ ഏറെ വിദ്യാർഥികൾ. ഭിന്നശേഷി വിദ്യാർഥികളുടെ മേളയും ഒപ്പം നടത്തിയതിനൊപ്പം ഗൾഫിലെ കേരള സിലബസ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ആദ്യമായി അവസരം നൽകി. ഓവറോൾ ചാംപ്യന്മാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുതിയ ട്രോഫിയും ഏർപ്പെടുത്തി.
സ്കൂൾ ചാംപ്യൻപട്ടം സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സമാപന സമ്മേളനത്തിൽ 2 സ്കൂളുകൾ പ്രതിഷേധം ഉയർത്തിയത് ഒഴിച്ചാൽ സംഘാടന മികവിൽ എ പ്ലസ് തന്നെയാണ് ആ മേളയും അർഹിക്കുന്നത്. ശാസ്ത്രമേളയിലെ ചാംപ്യന്മാർക്കു വിദ്യാഭ്യാസ മന്ത്രിയുടെ പേരിലും ട്രോഫി ഏർപ്പെടുത്തി. അർധ രാത്രിയോളം മത്സരങ്ങൾ നീളുന്ന പതിവ് തെറ്റിച്ചു ചിട്ടയോടെയും കാര്യമായ തർക്കങ്ങളും പരാതികളുമില്ലാതെയുമാണ് 25 വേദികൾ നിറഞ്ഞ കലോത്സവവും സമാപിച്ചത്. വിവിധ കമ്മിറ്റികളുടെ ചുമതല വഹിച്ച അധ്യാപക സംഘടനകളും ജനപ്രതിനിധികളുമാണ് വകുപ്പിന് കരുത്തായത്. അവരെയും വിവിധ വകുപ്പുകളെയും ഒരേ മനസ്സോടെ ഏകോപിപ്പിക്കാൻ മന്ത്രിക്കു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കം ആ മികവിനെ പ്രശംസിക്കുകയും ചെയ്തു.