പാട്ടിൽ 40; ജി.വേണുഗോപാലിന് ആദരം ‘ഇനിയുമെത്തും , ഇഷ്ടഗാനങ്ങളുമായി’

Mail This Article
തിരുവനന്തപുരം ∙ സംഗീതത്തിൽ 40 വർഷം പിന്നിട്ടതിന്റെ സന്തോഷം ‘പാട്ടുസഭ’യിൽ പങ്കുവച്ചു ഗായകൻ ജി.വേണുഗോപാൽ. ‘എത്ര വേഗമാണ് കാലം കടന്നുപോകുന്നത് . പ്രായവും അതിനിടയിൽ കൂടുന്നു എന്നതിൽ ചെറിയ ദുഃഖമില്ലാതില്ല. പക്ഷേ എനിക്കെത്ര വയസ്സെന്നു ചോദിച്ചാൽ 40 എന്നേ പറയൂ. ഇനിയും നിങ്ങൾക്കിഷ്ടമുള്ള പാട്ടുകളുമായി എത്തണം’ വേണുഗോപാൽ പറഞ്ഞു. ആദ്യം പാടിയ ചില സിനിമകൾ അത്ര കണ്ടു വിജയിച്ചില്ലെങ്കിലും അതിലെ തന്റെ ഗാനങ്ങൾ ആസ്വാദക പ്രീതി നേടിയിരുന്നു. പിന്നെയും പാടാൻ അവസരം ലഭിച്ചു.
എല്ലാവരും ആ പാട്ടുകൾ ഹൃദയത്തിൽ സ്വീകരിച്ചതിനു നന്ദി– അദ്ദേഹം പറഞ്ഞു. വേണുഗോപാലിനൊപ്പം സംഗീത പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന് ആദരം നൽകുന്ന പരിപാടിയിൽ സംഗീതമൊരുക്കാനും കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു സ്റ്റീഫൻ ദേവസ്സി പറഞ്ഞു. തുടർന്ന് തനിക്കേറെ പ്രിയപ്പെട്ട 3 ആദ്യകാല ഗാനങ്ങൾ വേണുഗോപാൽ ആലപിച്ചു. ‘രാരീ രാരിരം രാരോ..’, ‘ഒന്നാം രാഗം പാടി.’, ‘ഉണരുമീ ഗാനം..’ എന്നീ പാട്ടുകളാണു വേണുഗോപാൽ ആലപിച്ചത്.
മകൻ അരവിന്ദ് വേണുഗോപാലും അച്ഛനൊപ്പം ചേർന്നു പാടി. സംഗീതയാത്രയിൽ ചേർത്തു പിടിച്ച സംവിധായകർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ എന്നിവരെ വേണുഗോപാൽ അനുസ്മരിച്ചു. ‘കാണാനഴകുള്ള മാണിക്യക്കുയിലേ..’, ‘മൈനാകപ്പൊന്മുടിയിൽ...’ എന്നീ പാട്ടുകളുമായി ഡോ.എം.കെ.മുനീറും, ‘താനെ പൂവിട്ട മോഹം’ ഗാനവുമായി പി.സി.വിഷ്ണുനാഥും വേണുഗോപാലിന് സംഗീതാദരം നൽകി.
മാസ് എൻട്രിയുമായി സ്റ്റീഫൻ ദേവസ്സി
തിരുവനന്തപുരം∙ ‘പാട്ടുസഭ’യിലേക്ക് മാസ് എൻട്രിയുമായി എത്തിയത് സ്റ്റീഫൻ ദേവസ്സി. ‘ഇതാ സ്റ്റീഫൻ ദേവസ്സി തന്റെ മാസ്മരിക സംഗീതവുമായി എത്തുന്നുവെന്ന’ അവതാരകന്റെ പ്രഖ്യാപനത്തിനു പിന്നാലെ വേദിയുടെ അരികിലുള്ള വാതിലിലൂടെ കീബോർഡ് വായിച്ചു കൊണ്ടായിരുന്നു സ്റ്റീഫന്റെ കടന്നുവരവ്. കാണികൾക്കിടെ കീബോർഡ് വായിച്ചു ഏറെ നേരം ചെലവിട്ട ശേഷമാണ് മുൻനിരയിലെത്തി അഭിവാദ്യം ചെയ്ത് വേദിയിലേക്കു കടന്നത്.
ജനപ്രിയ ഹിറ്റുകളെല്ലാം വായിച്ച സ്റ്റീഫൻ ഇടയ്ക്ക് കാണികൾക്കും പാടാൻ അവസരം നൽകി. സദസ്സിലെ ആലാപനത്തിനൊപ്പം സ്റ്റീഫന്റെ സംഗീതവും മുറുകി.വർണ വെളിച്ചത്തിൽ കുളിച്ചു നിന്ന വേദിയിൽ സംഗീതാനുഭവം പകർന്നത് സ്റ്റീഫന്റെ മ്യൂസിക് ബാൻഡായ ‘സോളിഡ് ബാൻഡ്’ ആയിരുന്നു. ‘എന്തു തന്റെ തീണ്ടലാണ്.. തമ്പുരാന്റെ തീണ്ടല്...’ എന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നാടൻ പാട്ടിന് ത്രസിപ്പിക്കുന്ന സംഗീതമാണ് സ്റ്റീഫൻ ദേവസ്സി ഒരുക്കിയത്.