കഴക്കൂട്ടം ബൈപാസിൽ പിറന്ന പുതുനഗരം; ഇപ്പോൾ ദേശീയപാത 66 കൂടിയെത്തുന്നു

Mail This Article
പൈതൃക തനിമയുള്ള നഗരത്തിന് ആധുനിക മുഖം നൽകിയ വികസനത്തിനു വഴിയായത് കഴക്കൂട്ടം ബൈപാസ് . കഴക്കൂട്ടത്തെ ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള വികസനത്തിന്റെ തുടർച്ചയായിട്ടാണ്, പാടശേഖരത്തിന് നടുവിലൂടെ ചെറിയൊരു പാത മാത്രമായിരുന്ന ഇടത്താണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വലിയ പാത വരുന്നത്. ആക്കുളം കായലിൽ പാലം നിർമിച്ചാണ് ബൈപാസിന് തുടക്കം കുറിച്ചത്. ആദ്യം കഴക്കൂട്ടം–നെയ്യാറ്റിൻകര സംസ്ഥാന പാതയായിരുന്നത് പിന്നീട് ദേശീയപാതയുടെ ഭാഗമായതോടെയാണ് വൻ വികസനത്തിന് വഴി തുറന്നത്. ദേശീയപാത 47ന്റെ ഭാഗമായ കഴക്കൂട്ടം– ഈഞ്ചയ്ക്കൽ – കിള്ളിപ്പാലം ബൈപാസ് പുതിയ ദേശീയപാത 66ന്റെ പ്രധാന പാതയായി ജില്ലയുടെ അതിർത്തിയായ കാരോട് വരെ നീളുന്നു. വൻ വ്യാപാര– പാർപ്പിട കേന്ദ്രമായി മാറിയതോടെ തിരക്കുമേറി. തുടർന്ന് പുതിയ മേൽപാലങ്ങളുമായി വീണ്ടും വികസന കുതിപ്പിലാണ് ഈ ബൈപാസ്.
പെരുമ തീർത്ത് രാജ്യാന്തര സ്റ്റേഡിയം
രാജ്യാന്തര കായിക ഭൂപടത്തിൽ തിരുവനന്തപുരത്തെ വീണ്ടും അടയാളപ്പെടുത്തിയതാണ് കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് (ഗ്രീൻ ഫീൽഡ്)സ്റ്റേഡിയം . കാര്യവട്ടത്ത് കേരള യൂണിവേഴ്സിറ്റിയുടെ സ്ഥലത്ത് സ്വകാര്യ സംരംഭകരായ ഐഎൽ ആൻഡ് എഫ്എസിന്റെ പങ്കാളിത്തത്തോടെ ബിഒടി അടിസ്ഥാനത്തിൽ സ്റ്റേഡിയം നിർമിച്ചത് 2015ൽ. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ മുഖ്യവേദിയായ ഇവിടം തൊട്ടുപിന്നാലെ സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിലൂടെ രാജ്യാന്തര മത്സര അരങ്ങേറ്റവും നടത്തി. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ)സ്റ്റേഡിയം പാട്ടത്തിനെടുത്തതോടെ കേരളത്തിന്റെ സ്ഥിരം രാജ്യാന്തര ക്രിക്കറ്റ് മത്സര വേദിയായി മാറി. 2017 മുതൽ ഇതുവരെ 4 ട്വന്റി20 മത്സരങ്ങളും 2 ഏകദിന മത്സരങ്ങളുമാണ് ഇവിടെ നടന്നത്. രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം പിറന്ന വേദി (2023 ജനുവരി15ന് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ നേടിയ 317റൺസിന്റെ ജയം) എന്ന റെക്കോർഡും കാര്യവട്ടത്തിന് സ്വന്തം.
മാൾ വിപ്ലവം
തിരുവനന്തപുരം നഗരത്തിന് വൻ മെട്രോ നഗരങ്ങളുടേതിനു സമാനമായ ഷോപ്പിങ് അനുഭവം സമ്മാനിച്ചതു മാളുകളുടെ വരവാണ്. കഴക്കൂട്ടം ബൈപാസിൽ ഈഞ്ചയ്ക്കലിലെ ട്രാവൻകൂർ മാളാണ് തിരുവനന്തപുരത്തെ ആദ്യ മാൾ. എങ്കിലും വൻ വിപ്ലവമായത് ആക്കുളത്തെ ലുലു മാളിന്റെ വരവാണ്. 21 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ മാളായി 2021ഡിസംബറിൽ ലുലു തുറന്നതോടെ തെക്കൻ തമിഴ്നാട് മുതൽ തെക്കൻ കേരളം വരെയുള്ള മേഖലകളുടെ മുഖ്യ ഷോപ്പിങ് കേന്ദ്രമായി ഇതു മാറി.
വികസനം നങ്കൂരമിട്ട വിഴിഞ്ഞം
തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും മുഖഛായ മാറ്റുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുകപ്പൽ അടുത്തത് ഇക്കഴിഞ്ഞ ജൂലൈയിൽ. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വിഴിഞ്ഞത്ത് അടുത്തത് നൂറാം കപ്പൽ. 24 മീറ്റർ സ്വാഭാവിക ആഴം. രാജ്യാന്തര കപ്പൽചാലിനോട് ഏറ്റവുമടുത്ത് –വിഴിഞ്ഞത്തിനു വൻ സാധ്യത തീർത്തത് ഈ അനുകൂലഘടങ്ങളാണ്. മദർഷിപ്പുകളെ അടുപ്പിക്കാൻ കഴിയുന്നതിലൂടെ വിഴിഞ്ഞം മദർപോർട്ട് പദവിയിലാണ്. 20,000 മുതൽ 25,000 വരെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നവയാണ് മദർഷിപ്പുകൾ. ട്രയൽറൺ കാലത്ത് മാത്രം 70 കപ്പലുകളാണ് തീരമണഞ്ഞത്. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം10 ലക്ഷം കണ്ടെയ്നറുകളാണു കൈകാര്യം ചെയ്യുക.