ADVERTISEMENT

നെയ്യാറ്റിൻകര ∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പുതുതായി നിർമിച്ച കല്ലറയിൽ സംസ്കരിച്ചു. ആദ്യം നിർമിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ മൃതദേഹം സംസ്കരിച്ചത്. ഇതിനു ശേഷം ഇവിടെ ആരാധനയും തുടങ്ങി. അച്ഛനെ സമാധിത്തറയിൽ സമാധി ഇരുത്തുകയായിരുന്നുവെന്ന് ഗോപന്റെ മക്കളായ സനന്ദൻ, രാജസേനൻ എന്നിവർ പറഞ്ഞു.

കല്ലറയ്ക്ക് ‘ഋഷിപീഠ’മെന്ന പേരും നൽകി.പഴയ കല്ലറ വ്യാഴാഴ്ച പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം, മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം  നെയ്യാറ്റിൻകര നിംസ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാമജപയാത്രയായിട്ടാണ് മൃതദേഹം ആറാലുംമുംമൂട്ടിലെ വീട്ടുവളപ്പിൽ എത്തിച്ചത്. സന്യാസിമാരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.

ചെങ്കൽ മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, ചെങ്കൽ ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരം, കാശിലിംഗ ഗുരുസ്വാമി സമാധി ധർമ മഠം മഠാധിപതി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവർ കാർമികരായി. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന അറയിലായിരുന്നു നേരത്തേ ‘സമാധി’ ഇരുത്തിയതെന്നാണ് മക്കൾ പറഞ്ഞത്. പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ കല്ലറ നിർമിച്ചത്. പീഠപൂജ ചെയ്ത് ഭസ്മവും, പച്ചകർപ്പൂരവും ഇട്ട ശേഷം  മൃതദേഹം ഭസ്മം കൊണ്ടു  മൂടി. മകൻ സനന്ദൻ ഉൾപ്പെടെ 3 പേരാണ് കല്ലറയിൽ ഇറങ്ങിയത്. 500 കിലോ ഭസ്മവും 50 കിലോ പച്ച കർപ്പൂരവുമാണ് ആദ്യമെത്തിച്ചത്. തികയില്ലെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും, 200 കിലോ പച്ച കർപ്പൂരവും അധികം വാങ്ങി. വിവാദമായപ്പോൾ നടത്തിയ പരാമർശങ്ങളിൽ മാപ്പു ചോദിക്കുന്നുവെന്നും പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സനന്ദൻ അറിയിച്ചു. 

രാസപരിശോധനാഫലം കാത്ത് പൊലീസ് 
പോസ്റ്റ്മോർട്ടത്തിനു ശേഷം ഗോപന്റെ ആന്തരികാവയവങ്ങളുടെ സാംപിൾ രാസപരിശോധനയ്ക്കായി വിവിധ ലാബുകളിൽ അയച്ചിരുന്നു. ഇതിന്റെ ഫലം കിട്ടാൻ വൈകുമെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.  മരണത്തിൽ അസ്വാഭാവിക ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ മക്കളിൽനിന്നും മറ്റ് ബന്ധുക്കളിൽനിന്നും ഇന്നു വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

9ന് രാവിലെ പത്തരയോടെയാണ് ഗോപൻ സമാധിയിരിക്കാൻ പോയതെന്ന് മക്കൾ പറയുന്നു. അടുത്ത ദിവസം പുലർച്ചെ മൂന്നരയോടെ ‘സമാധി’ പൂർത്തിയായെന്നുമാണ് ഇവർ പൊലീസ് നൽകിയ മൊഴി. സ്ഥലവാസികളിൽ ചിലരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മരുത്വാമലയിൽ ഗോപൻ ആശ്രമം നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു  ഇതിനുശേഷം സുഹൃത്ത് പൊന്നുമണിക്ക് ആശ്രമം കൈമാറി. 2 വർഷം മുൻപ് പൊന്നുമണി മരിച്ചതോടെ, ആശ്രമത്തിന്റെ നടത്തിപ്പ് പൊന്നുമണിയുടെ മക്കൾ ഏറ്റെടുത്തു.

English Summary:

Neyyattinkara – The incident of Gopan's burial at Siddhan Bhavan has drawn attention as his sons placed him in 'samadhi' after a ceremonial postmortem. Police await chemical test results to clarify his cause of death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com