എസ് വളവിലെത്തിയപ്പോൾ ബസിന്റെ വേഗം മണിക്കൂറിൽ 41 കിലോമീറ്റർ; അപകടമുണ്ടായത് ഇങ്ങനെ..

Mail This Article
നെടുമങ്ങാട് ∙ വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് ഇരിഞ്ചയം എസ് വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിനു പിന്നിൽ ഡ്രൈവറുടെ അലക്ഷ്യവും അമിത വേഗത്തിലുള്ള ഡ്രൈവിങ്ങുമാണെന്നു നെടുമങ്ങാട് ജോയിന്റ് ആർടിഒ വി.എസ്.അജിത്കുമാറിന്റെ റിപ്പോർട്ട്. വാഹനത്തിൽ ഘടിപ്പിച്ച അനധികൃത ശബ്ദ–ദൃശ്യ സംവിധാനങ്ങളും അപകടത്തിന് കാരണമായി. അപകടശേഷം ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (രഞ്ജു–34) ഒളിവിൽപോയിരുന്നു. ഇയാൾക്ക് കണ്ണിനു മുകളിൽ ചെറിയ പരുക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയശേഷം സുഹൃത്തിന്റെ വീട്ടിൽ അരുൾദാസ് അഭയം തേടിയിരുന്നു.
ഇയാളെ വലിയവിളപ്പുറത്തുനിന്ന് നെടുമങ്ങാട് സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തു. ഇയാളുടെ ലൈസൻസും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെർമിറ്റ്, റജിസ്ട്രേഷൻ എന്നിവ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ജോയിന്റ് ആർടിഒ അറിയിച്ചു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 44 പേരാണ് ബസിലുണ്ടായിരുന്നത്. ആര്യങ്കോട് പഞ്ചായത്തിലെ കാവല്ലൂരിൽനിന്നു മൂന്നാറിലേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടമുണ്ടായത് ഇങ്ങനെ
പടിക്കെട്ട് മാമൂടിനു സമീപത്തെ എസ് വളവിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ്, ലോറിയെ ഓവർടേക്ക് ചെയ്ത ശേഷം അതേവേഗത്തിൽ വളവ് വെട്ടിത്തിരിക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് ഡ്രൈവറിന്റെ മൊഴിയിൽ പറയുന്നത്. റോഡിന്റെ ഇടതുവശത്തെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചശേഷം ഇടതുവശത്തെ മുൻചക്രം ഓടയിലിറങ്ങി ഇടതുവശത്തേക്ക് മറിയുകയായിരുന്നു.

വളവിലെത്തിയപ്പോൾ ബസിന്റെ വേഗം മണിക്കൂറിൽ 41 കിലോമീറ്റർ
വെള്ളി രാത്രി 10.20ന് ആയിരുന്നു അപകടം. അമിത വേഗത്തിലായിരുന്നു ബസെന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ജിപിഎസ് ഉപയോഗിച്ചുള്ള പരിശോധനയിൽ, വളവിൽ ബസ് എത്തിയപ്പോൾ മണിക്കൂറിൽ 41 കിലോമീറ്ററായിരുന്നു വേഗം.ഇതുവഴി സഞ്ചരിക്കുമ്പോൾ, വളവിലെത്തുമ്പോൾ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി ക്രമീകരിക്കേണ്ടതായിരുന്നുവെന്നും മോട്ടർ വാഹന വകുപ്പ് നെടുമങ്ങാട് ജോയിന്റ് ആർടിഒ വി.എസ്.അജിത്കുമാർ പറഞ്ഞു.ബസും അപകട സ്ഥലവും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധിച്ചു. ബസിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ബസിനുള്ളിൽ 20 സ്പീക്കറുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും സ്ഥാപിച്ചിരുന്നു.പാട്ടും നൃത്തവുമായി യാത്രാ സംഘം ആഘോഷിക്കുമ്പോൾ ഡ്രൈവറും ആവേശത്തിലായിരുന്നുവെന്നാണ് മോട്ടർവാഹന ഉദ്യോഗസ്ഥർ പറയുന്നത്. ആറ്റിങ്ങൽ ജോയിന്റ് ആർടിഒ ആർ.ശരത് ചന്ദ്രൻ, എംവിഐ എ.എസ്.വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
മരണവളവായി ഇരിഞ്ചയത്തെ എസ് വളവ്
നിർമാണത്തിലെ അപാകതയെ തുടർന്ന് എസ് വളവിൽ അപകടങ്ങൾ പതിവാണെന്നും ഇരുചക്രവാഹന യാത്രികരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. നവീകരണശേഷം വളവ് കൊടും വളവായി മാറി. തെരുവുവിളക്കുകളുണ്ടെങ്കിലും പ്രകാശമില്ല. അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല. ഒരു വർഷത്തിനിടെ അൻപതിൽപരം ബൈക്ക് യാത്രികരാണ് ഇവിടെ അപകടത്തിൽപെട്ടത്.ബസ് അമിത വേഗത്തിലെത്തിയത് കണ്ടതെന്നും വീടിന്റെ തൊട്ടുമുന്നിലുള്ള വളവ് തിരിഞ്ഞപ്പോൾ വൻ ശബ്ദം കേട്ടുവെന്നും ദൃക്സാക്ഷിയായ ഇരിഞ്ചയം എൻഎസ് കോട്ടേജിൽ എ.ആർ.നസീർ പറഞ്ഞു.ബസ് ഡ്രൈവറുടെ കാബിനും പിൻവശത്തെ ചില്ലും തകർത്താണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. 15 മിനുട്ടിനകം എല്ലാവരെയും പുറത്തെടുത്തുവെന്നും നസീർ പറഞ്ഞു. ആദ്യമായാണ് ഇവിടെ റോഡപകടത്തിൽ ഒരാൾ മരിക്കുന്നത്. ഏതാനും മണിക്കൂറിനു മുൻപ് ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പൂവച്ചൽ സ്വദേശി നിയാസിന് പരുക്കേറ്റിരുന്നു. കെഎസ്ആർടിസി ബസും കാറും അപകടത്തിൽപെട്ടത് 25 ദിവസം മുൻപായിരുന്നു. അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.