സമഗ്ര പൈതൃക നയം അനിവാര്യം: മന്ത്രി ജി.ആർ.അനിൽ

Mail This Article
തിരുവനന്തപുരം∙ പഴയ കാലത്തെ അറിവുകൾ പ്രയോജനപ്പെടുത്തി കൂടുതൽ ആധുനിക സമൂഹമായി കേരളത്തെ മാറ്റിയെടുക്കാൻ കഴിയണമെന്ന് മന്ത്രി ജി.ആർ.അനിൽ. തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് സംഘടിപ്പിച്ച ആദ്യത്തെ കേരള പൈതൃക കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ പരമ്പരാഗത വിത്തിനങ്ങളും ഭക്ഷണരീതികളും കാർഷിക ശൈലികളും വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ പല ഭാഗത്തായി നടക്കുന്നുണ്ട്. ഇതിനെയെല്ലാം കൂട്ടിയിണക്കുന്ന ഒരു സമഗ്ര പൈതൃക നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക കോൺഗ്രസ് ചെയർമാൻ ഡോ. എം.ജി.ശശി ഭൂഷൺ അധ്യക്ഷനായി. കെ.ഗീത രചിച്ച ‘കൈതമുക്ക് ചരിതം കോട്ട മുതൽ പേട്ട വരെ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ ആദ്യ കോപ്പി സ്വീകരിച്ചു. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രന് വി.വി.കെ.വാലത്ത് സ്മാരക പുരസ്കാരവും സേതു വിശ്വനാഥിന് പൈതൃക സംരക്ഷണ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ജനറൽ കൺവീനർ പ്രതാപ് കിഴക്കേ മഠം പ്രസംഗിച്ചു.

കേരളത്തിന് സമഗ്ര പൈതൃക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്ന സെമിനാറിൽ ചരിത്രകാരൻ ഡോ. ടി.പി.ശങ്കരൻകുട്ടി നായർ മുഖ്യപ്രഭാഷണം നടത്തി. മലയിൻകീഴ് ഗോപാലകൃഷ്ണൻ, ടി.ബാലകൃഷ്ണൻ, ഡോ. വെള്ളിനേഴി അച്യുതൻ കുട്ടി, ഡോ. ജി.ശങ്കർ, ഡോ. ബി.എസ്.ബിനു, ഡോ. ഏറ്റുമാനൂർ കണ്ണൻ, ഡോ. ഗൗതമൻ, റോബർട്ട് പാനിപ്പിള്ള, ബി.ജയച്ചന്ദ്രൻ, ഡോ. വി.പ്രേംകുമാർ, പ്രഫ. കാട്ടൂർ നാരായണ പിള്ള, ശാന്താ തുളസീധരൻ, ഡോ. എസ്.രാജശേഖരൻ നായർ, ഡോ. വി.കാർത്തികേയൻ നായർ, പ്രസാദ് നാരായണൻ, വിനോദ് സെൻ എന്നിവർ പങ്കെടുത്തു. കെ.എം.ചന്ദ്രശേഖർ, ഡോ. ഗിഫ്റ്റി എൽസാ വർഗീസ് എന്നിവർ മോഡറേറ്റർമാരായി. ഗവേഷണ പ്രബന്ധാവതരണം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു.



