ADVERTISEMENT

തിരുവനന്തപുരം∙ കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമ്മിഷൻ, രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷം രൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്‌ഷൻ കമ്മിഷണർ, സംസ്ഥാന ട്രഷറീസ് ഡയറക്ടർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു.

കൃഷി വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം ആനയറയിലുള്ള സമേതിക്ക് 2018ൽ അനുവദിച്ചു നൽകിയ 10 ലക്ഷം രൂപ കോഴിക്കോടുള്ള വനജ എന്ന സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതു തിരികെ വന്ന രേഖകൾ ചോദിച്ച് വിവരാവകാശ കമ്മിഷനിലെത്തിയ രണ്ടാം അപ്പീൽ ഹര്‍ജി തീർപ്പാക്കിയാണ് കമ്മിഷന്റെ ഉത്തരവ്. തിരുപുറം മനവേലി മിസ്പയിൽ മെർവിൻ എസ്. ജോയിയും മാതാവും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയുമായ എസ്.സുനിതയുമാണ് കമ്മിഷനെ രണ്ടാം അപ്പീലുമായി സമീപിച്ചത്.

സമേതിക്ക് 2018 സെപ്റ്റംബർ 19ന് 10 ലക്ഷം രൂപ അയച്ചത് തൊട്ടടുത്ത ദിവസം കൃഷി വകുപ്പിലേക്ക് തിരികെ വന്നു എന്നതിനുള്ള തെളിവ് രേഖ, 18 മാസം കഴിഞ്ഞ് 2020 മേയ് 29ന് വീണ്ടും കോഴിക്കോടുള്ള വനജയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. അത്തരം രേഖകൾ ഒന്നുമില്ലെന്ന് കമ്മിഷന്റെ തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി നൽകി. ഇതു സംബന്ധിച്ച് വകുപ്പ് ആസ്ഥാനത്തെ വിവരാധികാരി, അപ്പീൽ അധികാരി, അക്കൗണ്ട്സ് ഓഫിസർ, വിജിലൻസ് ഓഫിസർ, കൃഷി ഡയറക്ടർ, ട്രഷറി ഓഫിസർ തുടങ്ങിയവരെ വിളിച്ചുവരുത്തി കമ്മിഷൻ മൊഴിയെടുത്തു.

വ്യക്തമായ രേഖകളുടെ അഭാവത്തിലും ചട്ടങ്ങൾ പാലിക്കാതെയും കൃഷി വകുപ്പ് ആസ്ഥാനത്ത് സാമ്പത്തിക ക്രയവിക്രയം നടക്കുന്നുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. പ്രവർത്തനരഹിതമായ അക്കൗണ്ടിലേക്ക് പണമയക്കുക, അത് സ്വകാര്യ വ്യക്തിയുടെ പ്രവർത്തനത്തിലുള്ള അക്കൗണ്ടിലേക്ക് ക്രെഡിറ്റാക്കുക, എന്നാൽ ആ തുക സസ്പെൻസ് അക്കൗണ്ടിലേക്ക് തിരികെ വന്നിട്ടുണ്ടാകുമെന്ന് എഴുതിവച്ച് സമാധനിക്കുക, 18 മാസത്തിനുശേഷം തെറ്റായ അതേ അക്കൗണ്ടിലേക്ക് വീണ്ടും 10 ലക്ഷം രൂപ അയയ്ക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ തെളിവെടുപ്പിൽ വ്യക്തമായി. വർഷങ്ങളായി ഇവിടെ ട്രഷറി, ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് റിക്കൻസിലിയേഷൻ പോലും നടക്കുന്നില്ലെന്ന് അധികൃതർ സമ്മതിച്ചു.

10 ലക്ഷം രൂപ 2018 ലും 2020 ലുമായി രണ്ടു പ്രാവശ്യം ഒരേ അക്കൗണ്ടിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്തതിനും സമേതിയുടെ പ്രവർത്തനരഹിതമായ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ നിർദേശിച്ചതിനും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും വകുപ്പിനു കഴിഞ്ഞിട്ടില്ല. ബിംസ് സോഫ്റ്റ്‌വെയറിൽ കയറി ഗുണഭോക്താവിനെ മാറ്റികൊടുക്കുക വഴി 20 ലക്ഷം രൂപ വകുപ്പിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സമേതിക്ക് തുക ഒന്നും ഈ ഇനത്തിൽ ലഭിച്ചില്ലെന്നും സമേതി ഇതുവരെ അത് ചോദിച്ചില്ലെന്നും കമ്മിഷൻ കണ്ടെത്തി. ഇത്തരം തെറ്റുകൾ ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഊഹങ്ങളുടെ അടിസ്ഥാനത്തിൽ ചിലരെ കുറ്റക്കാരായി പ്രഖ്യാപിച്ച് പ്രചരിപ്പിക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നും അതുവഴി യഥാർഥ കുറ്റവാളികൾ രക്ഷപ്പെട്ടു എന്നുമുള്ള ഹര്‍ജിക്കാരുടെ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി.

രേഖകളുടെ അഭാവത്തിൽ തന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ കഴിയാതെ സസ്പെൻഷനിലായി മാനഹാനി ഉൾപ്പെടെ ദുരിതങ്ങൾ അനുഭവിച്ച എസ്.സുനിതയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ നിർദേശിച്ചു. 50,000 രൂപ വിവരാധികാരിയും അക്കൗണ്ട്സ് ഓഫിസറും വിവരാവകാശ കമ്മിഷനിൽ അടയ്ക്കണം. ജനുവരി 31നകം പിഴയും നഷ്ടപരിഹാരവും നൽകിയ ശേഷം വിവരാവകാശ കമ്മിഷനിൽ രസീത് ഹാജരാക്കണമെന്നും കൃഷി വകുപ്പ് ഡയറക്ടറോട് നിർദേശിച്ചു.

English Summary:

Kerala RTI Commission uncovers ₹20 lakh financial irregularities in the Agriculture Department. The commission imposed penalties, recommended disciplinary action, and ordered compensation to those wrongly implicated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com