വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു; പൊലീസ് കേസെടുത്തു
Mail This Article
തിരുവനന്തപുരം∙ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നു രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ.പി.അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഡോക്ടറുടെ വലതു കരണത്താണ് അടിയേറ്റത്. മൂക്കിന്റെ വലതുഭാഗത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകി. മെഡിക്കൽ കോളജ് പൊലീസ് ഡോക്ടറുടെ മൊഴിയെടുത്തു.
അപസ്മാരത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ വർക്കല സ്വദേശി നവാസ് (57) ആണ് ഡോക്ടറെ മർദിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. അപസ്മാര ബാധയെ തുടർന്നാണ് വ്യാഴാഴ്ച രാത്രിയോടെ ബന്ധുക്കൾ നവാസിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് 22-ാം വാർഡിലേക്കു മാറ്റി.
അവിടെ വച്ച് രോഗി അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബും ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിക്കവേയാണ് നവാസ് ഡോക്ടറെ അടിച്ചത്. ഇതോടെ എയ്ഡ് പോസ്റ്റിലെ പൊലീസിന്റെ സഹായത്തോടെ ജീവനക്കാർ രോഗിയെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് ആറാം വാർഡിലേക്കു മാറ്റി. പൊലീസ് കേസെടുത്തു.