എസ്എഫ്ഐയുടെ പന്തൽ പൊളിച്ചിട്ടില്ല; കേരള സിൻഡിക്കറ്റ് യോഗം മാറ്റി വച്ച് വൈസ് ചാൻസലർ

Mail This Article
തിരുവനന്തപുരം∙ കേരള യൂണിവേഴ്സിറ്റിയിൽ ഇന്നലെ നിശ്ചയിച്ചിരുന്ന സിൻഡിക്കറ്റ് യോഗം വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇടപെട്ട് മാറ്റിവയ്പിച്ചു. വാഴ്സിറ്റി ആസ്ഥാന വളപ്പിനകത്ത് പ്രധാനമന്ദിരത്തിനു മുന്നിൽ എസ്എഫ്ഐ പന്തൽ കെട്ടി സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷമൊഴിവാക്കാനാണ് നടപടി. ഇന്നലെ രണ്ടുമണിക്ക് തീരുമാനിച്ചിരുന്ന യോഗം മാറ്റിവച്ചതായി രാവിലെയാണ് അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത്. വിസി ഇന്നലെ ഓഫിസിൽ എത്തിയതുമില്ല. അനധികൃത സമരപ്പന്തൽ നീക്കം ചെയ്യണമെന്നു കഴിഞ്ഞ വെള്ളിയാഴ്ച റജിസ്ട്രാർക്ക് വൈസ് ചാൻസലർ നിർദേശം നൽകിയിരുന്നു. പന്തൽ കെട്ടിയത് സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണെന്നു റജിസ്ട്രാർ റിപ്പോർട്ട് നൽകിയെങ്കിലും പന്തൽ നീക്കിയില്ല. സഹായം തേടിയെങ്കിലും സിപിഎം വിദ്യാർഥി സംഘടനയ്ക്കെതിരായ നടപടിക്ക് പൊലീസും തയാറായില്ല. കഴിഞ്ഞ വർഷം അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർവകലാശാല ആസ്ഥാന കവാടത്തിൽ എസ്എഫ്ഐ സ്ഥാപിച്ച ആക്ഷേപ ബാനർ നീക്കം ചെയ്യാൻ വിസി റജിസ്ട്രാർക്കു നൽകിയ നിർദേശവും നടപ്പായിരുന്നില്ല.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാൻ വിസി തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ സമരം. സിൻഡിക്കറ്റ് യോഗത്തിന് വിസി എത്തിയാൽ തടയാനും സംഘർഷത്തിനും സാധ്യത ഉണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവയ്ക്കാൻ വിസി റജിസ്ട്രാർക്കു നിർദേശം നൽകിയത്. യൂണിയൻ രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്. അതിലെ വിധി അനുസരിച്ചേ നടപടി സ്വീകരിക്കാനാകൂ എന്നാണ് വിസിയുടെ നിലപാട്. യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പരിശോധിക്കാൻ നിയോഗിച്ച സിൻഡിക്കറ്റ് ഉപസമിതി രണ്ടുമാസം കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആ റിപ്പോർട്ടും കോടതിയുടെ പരിഗണനയിലാണ്.
വിസി പ്രതിസന്ധി സൃഷ്ടിക്കുന്നു: ഇടത് അംഗങ്ങൾ
തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കാൻ വിസി ബോധപൂർവം ശ്രമിക്കുന്നതായി ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി സർവകലാശാലയിൽ എത്താറില്ല. പ്രോ വൈസ് ചാൻസലർ ഇല്ലാതായിട്ട് വർഷങ്ങളായി. ഉന്നത സ്ഥാനങ്ങളിലേക്കു അക്കാദമിക സമിതികളുമായി ആലോചിക്കാതെ തന്നിഷ്ടക്കാരെ ശുപാർശ ചെയ്യുന്നു. സെനറ്റും സിൻഡിക്കറ്റും പേരിനു മാത്രം കൂടി കാഴ്‌ചവസ്‌തുവാക്കുന്നുവെന്നും ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾ താളംതെറ്റുകയാണെന്നും ജി.മുരളീധരൻ, ഡോ.ജെ.എസ്.ഷിജു ഖാൻ, ഡോ.എസ്.നസീബ്, ആർ.രാജേഷ് തുടങ്ങിയവർ ആരോപിച്ചു.
പന്തൽ കെട്ടി സമരം ലജ്ജാകരം: ബിജെപി
തിരുവനന്തപുരം∙സെനറ്റ് ഹൗസ് ക്യാംപസിനെ കൊടിയും പന്തലും കെട്ടിയുള്ള സമരത്തിനു വേദിയാക്കിയത് അങ്ങേയറ്റം ലജ്ജാകരമായ നടപടിയാണെന്നു ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ. യൂണിവേഴ്സിറ്റി കോളജിന്റെ വഴിയേ സർവകലാശാല ആസ്ഥാനത്തെയും നയിക്കാനുള്ള ശ്രമമാണു നടക്കുന്നത്. കൊള്ളരുതായ്മകൾ മൂലം പിരിച്ചുവിടപ്പെട്ടവർക്കു സർവകലാശാലാ ആസ്ഥാനത്ത് പുതിയ താവളം ഒരുക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നു ഡോ.വിനോദ് കുമാർ ടി.ജി നായർ, പി.എസ്.ഗോപകുമാർ എന്നിവർ പറഞ്ഞു.