വിഴിഞ്ഞം തുറമുഖവും ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കും; ഭൂഗർഭ റെയിൽപാതയും വരും

Mail This Article
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖവും ദേശീയ പാതയുമായി ബന്ധപ്പെടുത്തുന്ന താൽക്കാലിക ഗതാഗത മാർഗം വൈകാതെ സാധ്യമാകും. പ്രാഥമിക നടപടികൾ തുടങ്ങി. ഇതോടെ തുറമുഖത്തു നിന്നും തിരികെയും കണ്ടെയ്നറുകളുൾപ്പെടെ ചരക്കുസാമഗ്രികൾ എത്തും. തുറമുഖത്തു നിന്നു മുല്ലൂർ കലുങ്കു ജംക്‌ഷൻ മുറിച്ചു കടന്നു തലക്കോട് ഭാഗത്ത് എത്തുന്ന തുറമുഖ റോഡ് ഇരുവശത്തെയും സർവീസ് റോഡുകളിലൂടെ ബൈപാസിലേക്ക് പ്രവേശിക്കും വിധമാണ് താൽക്കാലിക ഗതാഗത സംവിധാനമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
ഇതിനായി ഈ ഭാഗത്തെ സർവീസ് റോഡുകളുടെ വീതി വർധിപ്പിക്കുന്നതാണ് ആദ്യ ദൗത്യം. ഇതിനാവശ്യമുള്ള ഭൂമി ഏറ്റെടുത്തു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. രണ്ടു പാലങ്ങളുൾപ്പെട്ട തുറമുഖ റോഡ് രണ്ടാമത്തെ പാലം പൂർത്തിയാകൽ വരെ എത്തി നിൽക്കുകയാണ്. ഇവിടെ നിന്നുള്ള ശേഷിച്ച ഭാഗത്തെ റോഡ് അനുയോജ്യമാം വിധമുള്ള ഉയരത്തിലും താഴ്ചയിലും നിർമിക്കും.
തലസ്ഥാനത്തേക്കുള്ള ദിശയിലേക്ക് ഇടതു വശത്തെ സർവീസ് റോഡും തമിഴ്നാട് ഭാഗത്തേക്ക് അടിപ്പാത വഴി കടന്നു വലതു വശത്തെ സർവീസ് റോഡും ഏകദേശം 300 മീറ്ററോളം ദൂരം പിന്നിട്ടാവും ബൈപാസിലേക്ക് പ്രവേശിക്കുക. ബൈപാസിലേക്കുള്ള പ്രവേശന മാർഗം തുറക്കുന്നതിനു ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിച്ചതായും അധികൃതർ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. റിങ് റോഡ് പദ്ധതി കൂടി ഈ ഭാഗത്ത് എത്തുന്ന മുറക്ക് ക്ലോവർ ലീഫ് മാതൃക റോഡ് ആണ് ഇവിടെ വരുന്ന സ്ഥിരം സംവിധാനം. ഇതിന് കുറഞ്ഞത് രണ്ടു വർഷത്തിലേറെ സമയം എടുക്കും എന്നതു കൊണ്ടാണ് തുറമുഖത്തേക്കുള്ള താൽക്കാലിക റോഡു വേണ്ടിവരുന്നത്. തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം 1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്.
റെയിൽപാത
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തേക്ക് ബാലരാമപുരത്തു നിന്നുള്ളത് ഭൂഗർഭ റെയിൽപാത തന്നെയാവും എന്നു ബന്ധപ്പെട്ടവർ വിശദീകരിച്ചു. 12 വർഷം നീണ്ട സർവേ– പഠന പരിശോധനകൾ പൂർത്തിയാക്കിയ പദ്ധതിയാണിത്. കേന്ദ്ര പാരിസ്ഥിതിക അനുമതിയും ലഭിച്ചു. ഇപ്പോഴത്തെ നിലക്ക് റെയിൽപ്പാത നേരത്തെ നിശ്ചയിച്ച പദ്ധതി പ്രകാരം തന്നെ നടപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പാതയുടെ തുടക്കത്തിലെയും അവസാനിക്കുന്ന ഭാഗങ്ങളിലെയും ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രാഥമിക നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.