ജലഅതോറിറ്റി ഓഫിസിൽ ഗൃഹനാഥന് മർദനം: പൊലീസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ വാട്ടർ ചാർജ് കുടിശികയുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ ജലഅതോറിറ്റി പോങ്ങുംമൂട് സെക‍്ഷൻ ഓഫിസിലെത്തിയ ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് സംസ്ഥാന ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അസിസ്റ്റന്റ് കമ്മിഷണറെ നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ടും മാർച്ച് 3ന് അകം ജില്ലാ പോലീസ് മേധാവി കമ്മിഷനിൽ സമർപ്പിക്കണം. ഗൃഹനാഥന് മർദനമേറ്റതിനെക്കുറിച്ച് ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പരാതി വിജിലൻസിന് കൈമാറണമെന്നും പോങ്ങുംമൂട് സെക‍്ഷന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് ഹാജരായി മനുഷ്യാവകാശ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം
ഉദ്യോഗസ്ഥരുടെ മർദനത്തിൽ ഒരാൾക്ക് പരുക്കേറ്റ സംഭവം അന്വേഷിക്കേണ്ടത് പൊലീസാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു.പരാതിക്കാരന്റെയും ആരോപണ വിധേയരായ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴിയെടുക്കണമെന്നും, സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. കഴിഞ്ഞ നവംബർ 28ന് ജല അതോറിറ്റി പോങ്ങുംമൂട് സെക്‌ഷൻ കാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായത്.
ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, യുഡി ക്ലാർക്ക്, പ്ലമർ എന്നിവരടങ്ങുന്ന സംഘമാണ് ഗൃഹനാഥനെ സംഘം ചേർന്ന് മർദിച്ച് അവശനാക്കിയത്. ഈ സംഘത്തിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ മുൻപ് നഗരഹൃദയത്തിലെ ഒരു സബ് ഡിവിഷനിലാണ് ജോലി ചെയ്തിരുന്നത്. ഇക്കാലയളവിൽ ഇവിടെയുണ്ടായിരുന്ന ജൂനിയർ സൂപ്രണ്ടിന്റെ ആത്മഹത്യയിൽ ഇതേ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിൽ ആരോപണ വിധേയനായ മറ്റൊരു ഉദ്യോഗസ്ഥനും മുൻപ് ഉപഭോക്താവിനെ മർദിച്ച സംഭവമുണ്ടായിട്ടുണ്ട്. സംഭവത്തിൽ ഉൾപെട്ട ഭൂരിഭാഗം പേരും ഭരണകക്ഷി സംഘടനയിൽപ്പെട്ടവരാണ്. ഇതേ സംഘടനയുടെ പ്രവർത്തകരാണ് ഓഫിസ് നിയന്ത്രിക്കുന്നതെന്നാണ് ആരോപണം. ഗൃഹനാഥന് മർദനമേറ്റ സംഭവത്തെക്കുറിച്ച് പൊതുപ്രവർത്തകൻ അയിരൂപ്പാറ പുതുവൽപുത്തൻ വീട്ടിൽ സനൽകുമാർ പോങ്ങുംമൂട് വെസ്റ്റ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയതോടെയാണ് ജലഅതോറിറ്റി അന്വേഷണം നടത്തിയതും സംഭവം പുറത്തായതും.