ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ വിപുലം

Mail This Article
തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. പൂർണമായി ഹരിത ചട്ടം പാലിച്ച് ഉത്സവം നടത്താനും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു.
10 ദിവസം നീളുന്ന ഉത്സവം മാർച്ച് 5ന് ആണ് ആരംഭിക്കുന്നത്. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 7ന് കുത്തിയോട്ട ബാലൻമാർക്കുള്ള വ്രതം. 13ന് രാവിലെ 10.15ന് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.15ന് നിവേദ്യം. രാത്രി 11.15ന് പുറത്തെഴുന്നള്ളത്ത്. 14ന് രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
വാർഡുകളിൽ അടിയന്തരമായി നടത്തേണ്ട പ്രവൃത്തികളുടെ പട്ടിക ഉടൻ സമർപ്പിക്കാൻ കൗൺസിലർമാർക്ക് നിർദേശം നൽകി. അനുമതി വാങ്ങിയ ശേഷമേ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കാവൂ എന്നും നിർദേശിച്ചു. മേൽപാല നിർമാണത്തിനായി ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന ഈഞ്ചക്കൽ റോഡ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് തുറക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
പൊങ്കാല ദിവസമായ മാർച്ച് 13ന് ജില്ലയ്ക്ക് അവധി നൽകുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പെട്രോൾ പമ്പുകൾക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഒഴിവാക്കണമെന്ന് കലക്ടർ അനു കുമാരി അഭ്യർഥിച്ചു. പൊങ്കാല കഴിഞ്ഞ് മാലിന്യം നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവശ്യപ്പെട്ടു. സുരക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളിലായി മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും വിവിധയിടങ്ങളിൽ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു.
പുഷ്പവൃഷ്ടി ഒഴിവാക്കി
പൊങ്കാലയുടെ തലേ ദിവസം (മാർച്ച് 12) വെകുന്നേരം 6 മുതൽ പൊങ്കാല ദിവസം വൈകുന്നേരം 6 വരെ കോർപറേഷൻ പരിധിയിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തും. മാർച്ച് 29 വരെ റൺവേ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ മുൻ വർഷങ്ങളിൽ നടത്താറുള്ള വിമാനത്തിൽ നിന്നുള്ള പുഷ്പവൃഷ്ടി ഇക്കുറി ഒഴിവാക്കി. ആറ്റുകാൽ പൊങ്കാല ഉത്സവ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന നോഡൽ ഓഫിസറായി സബ് കലക്ടർ ഒ.വി.ആൽഫ്രഡിനെ നിയോഗിച്ചു.