വിദ്യാർഥിനിക്ക് പീഡനം: പ്രതി അറസ്റ്റിൽ

Mail This Article
കഴക്കൂട്ടം∙ അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞ് വിദ്യാർഥിനിയെ അനുനയിപ്പിച്ച് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വെടിവെച്ചാൻ കോവിൽ സ്വദേശി സദ്ദാം ഹുസൈ (34)നെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 ന് രാവിലെയാണു സംഭവം. സഹോദരനും ഒരുമിച്ച് സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ബൈക്കിൽ എത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റി.
സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയും കൊണ്ട് ഇയാൾ കടയിലേക്കു പോയി. മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു.
പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിയും മുഴക്കി. തിരിച്ച് പെൺകുട്ടിയുമായി സഹോദരൻ നിന്ന സ്ഥലത്തേക്കെത്തുകയും ഇരുവരെയും സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. ശക്തമായ നെഞ്ചു വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പെൺകുട്ടി കാര്യം പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.