തിരുവനന്തപുരം മൃഗശാല: കൂട് തയാറായില്ല; മൃഗങ്ങളെ കാണാൻ കാത്തിരിക്കണം
Mail This Article
തിരുവനന്തപുരം ∙ കൂട് നവീകരണം അനിശ്ചിതത്വത്തിലായതോടെ മൃഗശാലയിൽ പുതുതായി കൊണ്ടു വന്ന ജീവികളെ കാണാൻ സന്ദർശകർ ഇനിയും കാത്തിരിക്കണം. കഴിഞ്ഞ നവംബറിൽ കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്ന് അനിമൽ എക്സ്ചേഞ്ച് വഴി മൃഗങ്ങളെ തലസ്ഥാനത്ത് എത്തിച്ചിരുന്നു.
കഴുതപ്പുലികൾ, കുറുനരികൾ, മുതലകൾ, മരപ്പട്ടികൾ എന്നിവയെ ആണ് കൊണ്ടു വന്നത്. ഇതിൽ ചിലതിനെ ക്വാറന്റീൻ കാലാവധിക്ക് ശേഷം സന്ദർശക കൂട്ടിലേക്ക് മാറ്റി.മറ്റുള്ളവയ്ക്കായുള്ള കൂടിന്റെ നവീകരണം നീളുന്നു. പൊതുമരാമത്ത് വകുപ്പാണ് കൂടുകൾ നവീകരിച്ച് നൽകേണ്ടത്. ഫണ്ടില്ലായ്മ മൂലം നവീകരണം ആരംഭിച്ചിട്ടില്ല. സർക്കാരിലേക്ക് പ്രപ്പോസൽ നൽകിയിട്ടുണ്ടെന്നും കൂടുകൾ നവീകരിക്കൽ ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറയുന്നു. മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥയോട് യോജിച്ച് രീതിയിൽ വേണം കൂടുകൾ ഒരുക്കാൻ.
മഞ്ഞ അനക്കോണ്ടയും ചെന്നായയും ഉടൻ
ചെന്നൈ വണ്ടന്നൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനക്കോണ്ടയെയും ചെന്നായെയും സിംഹം ഉൾപ്പെടെയുള്ളവയെയും എത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഇവയെ തലസ്ഥാനത്ത് എത്തിക്കും. ഒരു സിംഹം, രണ്ടു ചെന്നായ്ക്കൾ, രണ്ടു വെള്ള മയിലുകൾ, ആറ് മഞ്ഞ അനക്കോണ്ട എന്നിവയെ എത്തിക്കാനാണ് ശ്രമം. എക്സ്ചേഞ്ച് നടപടികളിലൂടെയാകും ഇവയെ കൊണ്ടു വരിക.