ജനറൽ ആശുപത്രി: ലേലം ചെയ്യാൻ സൂക്ഷിച്ച തടി മോഷണം പോയി; ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സംശയം
Mail This Article
തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ലേലം ചെയ്യാനായി മുറിച്ചു സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന തടികൾ മോഷണംപോയി. പുതിയ ബ്ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായും കൂടാതെ അപകടകരമായ അവസ്ഥയിലും നിന്ന മരങ്ങളാണ് ആശുപത്രി വളപ്പിൽ പലയിടങ്ങളിലായി മുറിച്ചു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പല സമയങ്ങളിലായാണ് മരം കടത്തിയതെന്നാണ് വിവരം. ആശുപത്രി വികസന സമിതിയിലെ ചില അംഗങ്ങളുടെ ഒത്താശയോടെയാണ് മരക്കടത്ത് നടത്തിയിരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
സിസ്റ്റേഴ്സ് ക്വാർട്ടേഴ്സ്, 9,10 വാർഡുകൾ എന്നിവയ്ക്ക് സമീപം അപകടാവസ്ഥയിൽ നിന്ന മരങ്ങൾ 2022, 2023 വർഷങ്ങളിൽ മുറിച്ചു മാറ്റിയിരുന്നു. 19 മരക്കഷ്ണങ്ങളാണ് ലേലം ചെയ്യാനായി സൂക്ഷിച്ചിരുന്നത്. ഇതിൽ 16 എണ്ണം കാണാനില്ല. തടി മോഷണം സംബന്ധിച്ച് മാർച്ച് 20 ന് ആശുപത്രി സൂപ്രണ്ട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, കേസ് റജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായില്ല. തടികൾ ലേലം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തടിക്കടത്ത് ശ്രദ്ധയിൽപെട്ടത്. ഇന്നലെ കേസ് റജിസ്റ്റർ ചെയ്തു.
അപകടാവസ്ഥയിലായിരുന്ന ഏതാനും മരങ്ങൾ മുറിക്കാൻ ആശുപത്രി അധികൃതർ കരാർ നൽകിയിരുന്നു. ഇതു മുറിച്ച് പുറത്തേക്ക് കൊണ്ടുപോയതിന്റെ മറവിലാണ് നേരത്തെ മുറിച്ച മരങ്ങളും കടത്തിയതെന്നാണ് വിവരം. മോഷണം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ആശുപത്രി വളപ്പിലേക്ക് വലിയ വാഹനങ്ങൾ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രി വികസനത്തിന്റെ ഭാഗമായുള്ള മരം മുറിയും പ്രതിസന്ധിയിലായിരിക്കുകയാണ്.