കൊങ്കൺ റെയിൽവേ–ഇന്ത്യൻ റെയിൽവേ ലയനം: നിലപാടെടുക്കാതെ കേരളം

Mail This Article
തിരുവനന്തപുരം∙ കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശുപാർശ കേന്ദ്രത്തിന്റെ സജീവ പരിഗണനയിൽ. ഓഹരി പങ്കാളിത്തമുള്ള ഗോവയും കർണാടകയും ലയനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. കേരളവും മഹാരാഷ്ട്രയും കൂടി അനുകൂല നിലപാടെടുത്താൽ ലയന നടപടികൾ വേഗത്തിലാകും. ഇന്ത്യൻ റെയിൽവേയെ (65.97%) കൂടാതെ മഹാരാഷ്ട്ര (15.57%), കർണാടക (10.62%), കേരളം (4.25%) , ഗോവ (3.59%) സംസ്ഥാനങ്ങൾക്കാണു കൊങ്കൺ റെയിൽവേ കോർപറേഷനിൽ ഓഹരി പങ്കാളിത്തമുള്ളത്. റെയിൽവേ പണം നൽകി ഈ ഓഹരികൾ തിരികെ വാങ്ങാനാണ് സാധ്യത.
കൊങ്കൺ റെയിൽവേ കോർപറേഷന്റെ കീഴിലുള്ള പാതയിൽ കഴിഞ്ഞ 25 വർഷമായി കാര്യമായ വികസനമില്ലെന്നും ബജറ്റ് സഹായം പാതയ്ക്കു ലഭിക്കണമെങ്കിൽ പാത ഇന്ത്യൻ റെയിൽവേയുടെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ട് കർണാടകയാണ് സമ്മർദം ശക്തമാക്കിയത്. ഗോവയും ഇതിനെ പിന്തുണയ്ക്കുന്നു. ആവശ്യത്തിന് ട്രെയിനുകളോടിക്കുന്നില്ല, ചരക്ക് വണ്ടികൾക്കു പ്രാധാന്യം നൽകുന്നു തുടങ്ങിയ ആക്ഷേപങ്ങളാണു കൊങ്കൺ നേരിടുന്നത്. മൺസൂൺ, നോൺ മൺസൂൺ ടൈംടേബിൾ കാരണം മിക്ക ട്രെയിനുകൾക്കും 2 ടൈംടേബിൾ വീതമുള്ളതിനാൽ ഉപയോഗ ശേഷിയുടെ പകുതി ട്രെയിനുകൾ മാത്രമാണ് കൊങ്കണിൽ ഓടിക്കുന്നത്.
40 % അധിക ടിക്കറ്റ് നിരക്കാണു കൊങ്കൺ വഴിയുള്ള ട്രെയിനുകളിൽ ഈടാക്കുന്നത്. ചരക്കുനീക്കത്തിന് 50 ശതമാനവും അധികം നൽകണം.ലയനം നടന്നാൽ ടിക്കറ്റ് നിരക്കും ചരക്കു നീക്കത്തിനുള്ള നിരക്കും കുറയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. കൂടുതൽ ട്രെയിനുകളും ലഭിക്കും. മംഗളൂരു മുതൽ ഗോവ വരെയുള്ള ഭാഗം ദക്ഷിണ, പശ്ചിമ റെയിൽവേയിലും ബാക്കിയുള്ള ഭാഗം മധ്യ റെയിൽവേയിലും ചേർക്കാനാണു സാധ്യത. കൊങ്കൺ കോർപറേഷന് പാത അറ്റകുറ്റപ്പണിക്കു തന്നെ വലിയ തുക ചെലവാകുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്കു പണമില്ല.
ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നതോടെ പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാകും. കൊങ്കൺ ലയനത്തിന് അനുകൂലമായി കേരളം അടിയന്തരമായി റെയിൽവേ മന്ത്രാലയത്തിന് കത്തു നൽകണമെന്നു യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.