കെപിസിസി ഇടപെട്ടിട്ടും രക്ഷയില്ല; എൻജിഒ അസോസിയേഷനിൽ കസേരകളി; സംഘർഷം

Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻജിഒ അസോസിയേഷന്റെ തലപ്പത്തെ തർക്കം മൂർഛിച്ച് തെരുവിലെ കയ്യാങ്കളിയിലെത്തി. നിയമാവലി ഭേദഗതിക്കായി ചേർന്ന സംസ്ഥാന കൗൺസിൽ യോഗം അലങ്കോലപ്പെട്ടു. കെപിസിസി നേതാക്കൾ കൂടി വേദിയിലിരിക്കുമ്പോഴുണ്ടായ സംഘർഷത്തിനൊടുവിൽ ജനറൽ സെക്രട്ടറി എ.എം.ജാഫർഖാനെ പ്രസിഡന്റായി തിരഞ്ഞെടുത്തെന്ന് ഒരുവിഭാഗം അവകാശപ്പെട്ടു.
ചുമതലയേറ്റെടുക്കാൻ അസോസിയേഷന്റെ സംസ്ഥാന സമിതി ഓഫിസിലെത്തിയ ജാഫർഖാനെയും സംഘത്തെയും പൊലീസ് തടഞ്ഞതോടെ അവിടെയും സംഘർഷാവസ്ഥയായി. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനു ജാഫർഖാനെയും വൈസ് പ്രസിഡന്റ് ഉമാശങ്കറിനെയും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇടപെട്ടിട്ടും പരിഹരിക്കാനാകാത്ത തർക്കമാണു പൊട്ടിത്തെറിയിൽ കലാശിച്ചത്.
അഞ്ചുവർഷമായി പ്രസിഡന്റായി തുടരുന്ന ജയകുമാറിനെ നീക്കി തന്നെ പ്രസിഡന്റാക്കണമെന്നു ജാഫർഖാൻ ആവശ്യപ്പെട്ടിരുന്നു. തർക്കം പരിഹരിക്കാൻ കെ.സി.ജോസഫ്, പഴകുളം മധു, ജോസഫ് വാഴയ്ക്കൻ, ടി.എൻ.പ്രതാപൻ, ജി.സുബോധൻ എന്നിവരുടെ കെപിസിസി ഉപസമിതി, ഭാരവാഹികളുടെ അഭിപ്രായം ശേഖരിച്ചു.
മാറുന്നെങ്കിൽ രണ്ടുപേരും മാറട്ടെ എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. ബ്രാഞ്ച് തലം മുതൽ തിരഞ്ഞെടുപ്പു നടത്തി ഓഗസ്റ്റിനകം പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്ന് കെ.സുധാകരനും ഒരുവർഷത്തിനകം വിരമിക്കുന്ന ജാഫർഖാനു പ്രസിഡന്റ് സ്ഥാനത്ത് അവസരം നൽകണമെന്നു വി.ഡി.സതീശനും ഉപസമിതിയോടു നിർദേശിച്ചു. സുധാകരനും സതീശനും തമ്മിൽ കഴിഞ്ഞദിവസം ഫോണിൽ നടത്തിയ ചർച്ചയിലും അഭിപ്രായ ഐക്യത്തിലെത്തിയില്ല.
ഭാരവാഹികളുടെ മാറ്റം സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ തിരഞ്ഞെടുപ്പു നിയമാവലി ഭേദഗതിക്ക് രാവിലെ കെപിസിസിയിൽ ചേർന്ന നേതൃയോഗം അംഗീകാരം നൽകി. കെപിസിസിയെ പ്രതിനിധീകരിച്ച് എം.ലിജു, ജോസഫ് വാഴയ്ക്കൻ, ജി.സുബോധൻ എന്നിവരും അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരുമാണു നേതൃയോഗത്തിൽ പങ്കെടുത്തത്.
എന്നാൽ ഉച്ചയ്ക്ക് ഈ തീരുമാനം റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ ജാഫർഖാനെ അനുകൂലിക്കുന്ന വിഭാഗം പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയായിരുന്നു. എം.ലിജുവും സുബോധനും വേദിയിലുള്ളപ്പോഴായിരുന്നു ബഹളം. ഇതോടെ യോഗം നിർത്തിവച്ചു. തുടർന്നാണു ജാഫർഖാനെ പ്രസിഡന്റായി ഒരു വിഭാഗം തീരുമാനിച്ചത്.
എന്നാൽ ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും ചവറ ജയകുമാർ തന്നെയാണ് ഇപ്പോഴും സംഘടനയുടെ പ്രസിഡന്റ് എന്നും കെപിസിസി നേതൃത്വം അറിയിച്ചു. വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഇടപെടുത്താൻ ശ്രമം നടന്നെങ്കിലും ഇവിടത്തെ നേതൃത്വം തീരുമാനമെടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.