വാർഡ് വിഭജനം: പരാതികളിലെ തെളിവെടുപ്പ് 9 ജില്ലകളിൽ പൂർത്തിയായി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭ, ഗ്രാമപ്പഞ്ചായത്ത് വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങളിലെ പരാതികളിലുള്ള തെളിവെടുപ്പ് 9 ജില്ലകളിൽ പൂർത്തിയായി. എല്ലാ ജില്ലകളിലും പൂർത്തിയായ ശേഷം കമ്മിഷൻ യോഗം ചേർന്ന് കരടിൽ വരുത്തേണ്ട ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ കൂടിയായ ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു.
തെളിവെടുപ്പിൽ ചെയർമാനോടൊപ്പം അംഗങ്ങളായ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി എസ്.ജോസ്ന മോൾ എന്നിവരും പങ്കെടുത്തു. ഫെബ്രുവരി 11ന് കാസർകോട്, 12ന് കണ്ണൂർ, 13, 14 തീയതികളിൽ കോഴിക്കോട്, 15ന് വയനാട്, 21, 22 തീയതികളിൽ തിരുവനന്തപുരം ജില്ലകളിലും തെളിവെടുപ്പു നടക്കും. പരാതി നൽകിയവരിൽ ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ടതായി കമ്മിഷൻ ചെയർമാൻ അറിയിച്ചു.
ഡീലിമിറ്റേഷൻ കമ്മിഷൻ സിറ്റിങ് പ്രഹസനമെന്ന് പരാതി
∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഡീലിമിറ്റേഷൻ കമ്മിഷൻ ജില്ലകളിൽ നടത്തുന്ന സിറ്റിങ്ങുകളും പരാതി സ്വീകരിക്കലും പ്രഹസനമായെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന. ഒരു പരാതിയും ഒരു മിനിറ്റ് പോലും കേൾക്കാൻ തയാറായില്ലെന്ന് യോഗം ആരോപിച്ചു.
5 അംഗങ്ങൾ ഉള്ള കമ്മിഷനിലെ ചെയർമാൻ മാത്രമാണ് ഭൂരിപക്ഷം ജില്ലകളിലും സിറ്റിങ്ങിന് എത്തിയത്. സംഘടന സംസ്ഥാന ചെയർമാൻ എം. മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു, പഞ്ചായത്തിരാജ് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി കെ.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.