പാറശാല ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് അടിച്ചു തകർത്തു

Mail This Article
പാറശാല∙ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് അടിച്ചു തകർത്ത നിലയിൽ. പാറശാല–വെള്ളറട റോഡിൽ പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഒാഫിസിൽ ശനി രാത്രി ആണ് അക്രമം നടന്നത്. കോൺഫറൻസ് ഹാളിലെ സീലിങ്, സെക്രട്ടറിയുടെ മുറിയിലെ ഫർണിച്ചർ, മറ്റു മൂന്നു മുറികൾ, ഗ്ലാസ് പാർട്ടിഷൻ തുടങ്ങിയവ കമ്പി കൊണ്ട് തകർത്തിട്ടുണ്ട്. ഒാഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒദ്യോഗിക വാഹനത്തിന്റെ വശത്തെ രണ്ട് ചില്ലുകൾ പൊട്ടിച്ചു മുൻവശത്ത് കല്ലു കൊണ്ട് ഇടിച്ച നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ കാണാതായതായി സൂചനയുണ്ട്.
നിർമാണം നടക്കുന്ന ഒന്നാം നിലയിലെ കോൺക്രീറ്റിൽ വെള്ളം ഒഴിക്കാൻ ഇന്നലെ രാവിലെ എത്തിയ തൊഴിലാളികൾ ആണ് സംഭവം അധികൃതരെ അറിയിച്ചത്. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ മുറിയിലെ ശുചിമുറിയിലും അക്രമങ്ങൾ നടന്നിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ മുറിയുടെ തറയിൽ വെള്ളം ഒഴുക്കിയ നിലയിൽ ആണ്. പൊലീസ് സ്റ്റേഷനു ഇരുപത് മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന ബ്ലോക്ക് ഒാഫിസിൽ മണിക്കൂറുകൾ നീണ്ട അക്രമം നടന്നത് പൊലീസിന് തലവേദന ആയിട്ടുണ്ട്.
ഹാളിലെ സീലിങ് തകർക്കാൻ ശ്രമിച്ച കൊടി ചുറ്റിയ ഒരു കമ്പി ഒാഫിസിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് എത്തിയ തെരുവ് നായ ആർടി ഒാഫിസിനു പിന്നിൽ കൂടെ ബ്ലോക്ക് ഒാഫിസിൽ കടന്ന ശേഷം മുൻവശത്തെ ഗേറ്റ് വഴി പാറശാല ജംക്‌ഷനിൽ എത്തി നിന്നു. പാറശാല പൊലീസ് അന്വേഷണം തുടങ്ങി. സീലിങ്ങും ഉപകരണങ്ങളും അടക്കം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ദുരൂഹത
പാറശാല∙ബ്ലോക്ക് ഒാഫിസ് തകർത്ത സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ. ഒാഫിസിനുള്ളിലും പുറത്തും ഒട്ടേറെ ക്യാമറകൾ ഉള്ള സ്ഥലത്ത് സിസിടിവിയുടെ പ്രവർത്തനം ദിവസങ്ങൾക്ക് മുൻപ് നിലച്ചതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. വിശാലമായ കോൺഫറൻസ് ഹാളിലെ സീലിങ് തകർത്തതും വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കുന്നതും പുറത്ത് കേൾക്കാത്തത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.കാറിന്റെ മുൻ വശത്തെ ഗ്ലാസ് തകർക്കാതെ വശങ്ങളിലെ ഗ്ലാസ് തകർത്ത ശേഷം കോൺഫറൻസ് ഹാളിലെ സൗണ്ട് ബോക്സ്, മൈക്ക്, കുറെ ഫയലുകൾ എന്നിവ അകത്ത് നിക്ഷേപിച്ചിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ മോഷണ സാധ്യതയും സാമൂഹിക വിരുദ്ധ ആക്രമണവും പൊലീസ് തള്ളിക്കളയുന്നു. അക്രമത്തിനു കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. സിസിടിവികളുടെ പ്രവർത്തനം ദിവസങ്ങൾക്ക് മുൻപ് നിലച്ചതും അക്രമത്തിന്റെ രീതിയും പൊലീസിനും ആശയ കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളിൽ അഴിമതി ഉണ്ടെന്ന പരാതികൾ നിലനിൽക്കേ തുടർ അന്വേഷണം അട്ടിമറിക്കാൻ ഉള്ള നീക്കം ആണ് അക്രമത്തിനു പിന്നിൽ എന്ന് ആരോപിച്ച് കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജംക്‌ഷനിൽ പ്രകടനം നടത്തി.