കോട്ടൂരിൽ പൈപ്പ് പൊട്ടിയിട്ട് മൂന്നാഴ്ച; അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി

Mail This Article
കാട്ടാക്കട ∙ വാട്ടർ അതോറിറ്റിയുടെ ആര്യനാട് സെക്‌ഷൻ ഓഫിസ് കീഴിൽ വരുന്ന കോട്ടൂർ - കാവടി മൂല റേഷൻ കടയ്ക്ക് മുന്നിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. രണ്ടാഴ്ചയായി. ഇത്രയേറെ ജലം പാഴായിട്ടും ആര്യനാട് സെക്‌ഷൻ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നു വ്യാപക പരാതി. പരാതി പറയാൻ ഫോൺ വിളിച്ചു കിട്ടാതായപ്പോൾ സെക്‌ഷൻ ഓഫിസിൽ പരാതി എഴുതി നൽകിയിട്ടും പരിഹാരമില്ലെന്നാണു നാട്ടുകാരുടെ പരാതി.
ആന പാർക്കിലേക്കുള്ള റോഡ് പണിയുടെ ഭാഗമായി റോഡ് കുഴിച്ചിരുന്നു. ഈ സമയം ചില ഭാഗത്ത് പൈപ്പ് പൊട്ടി. രണ്ട് മാസമായി പൈപ്പിലൂടെ ജലവിതരണം ഇല്ലാത്തതിനാൽ പൈപ്പ് പൊട്ടിയ വിവരം ആരും അറിഞ്ഞിരുന്നില്ല. വേനൽ ശക്തമായതോടെ പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ കടമാൻകുന്ന് നെല്ലിക്കുന്ന്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ കിണറുകൾ വറ്റി തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും വറ്റി തുടങ്ങി. കുറ്റിച്ചൽ പഞ്ചായത്തിലെ കുടി വെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നിർമിച്ച പരുത്തിപ്പള്ളി - തൊഴുത്തിൻകര ജലസംഭരണി പ്രവർത്തന സജ്ജമായില്ല.
പലഭാഗങ്ങളിലും കുടിക്കുന്നതിനും, അലക്കുന്നതിനും, കാലികളെ കുളിപ്പിക്കുന്നതിനും ജനം പെടാപ്പാടു പെടുമ്പോഴാണ് പൈപ്പ് പൊട്ടി ജലം പാഴാവുന്നത്. കാളിപ്പാറ ശുദ്ധജല പദ്ധതിയിൽ നിന്നാണ് കോട്ടൂരിൽ വെള്ളം എത്തിയിരുന്നത്. കോട്ടൂരിലേയ്ക്കുള്ള വാൽവുകൾ കള്ളിക്കാട് പഞ്ചായത്ത് അടയ്ക്കുന്നത് കാരണം കോട്ടൂരിൽ വെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടെയാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.