ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ്: ഡോക്ടർക്ക് 3 ലക്ഷം പിഴ; സ്റ്റാഫ് നഴ്സ് ആണ് ഉത്തരവാദിയെന്ന വാദം തള്ളി

Mail This Article
തിരുവനന്തപുരം ∙ സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ വച്ചു തുന്നിയ സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് 3 ലക്ഷം രൂപ പിഴ. ഇതിനു പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നു സ്ഥിരം ലോക് അദാലത്ത് വിധിച്ചു. 2022 ജൂലൈ 2ന് ആണ് അമരവിള പ്ലാവിള ജിജെ കോട്ടേജിൽ ജീത്തു (24) സിസേറിയന് വിധേയയായത്. ഒരു മാസത്തിനകം നീരും പഴുപ്പും കെട്ടിയതിനെ തുടർന്നു ജീത്തു ഡോ.സുജയെ വീട്ടിൽ പോയി കണ്ടു. ഗുരുതരമായി ഒന്നുമില്ലെന്നു പറഞ്ഞ് ഡോക്ടർ മരുന്നു നൽകി മടക്കി അയച്ചു.
മൂന്നു തവണയാണു ജീത്തു ഡോക്ടറെ വീട്ടിൽ പോയി കണ്ടത്. വേദന രൂക്ഷമായതോടെ 2023 മാർച്ച് 3നു എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയൻ വേളയിൽ രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടെന്ന് അപ്പോഴാണു കണ്ടെത്തിയത്. തുടർന്നു ശസ്ത്രക്രിയയിലൂടെ മോപ് പുറത്തെടുത്തു.തന്റെ ഭാഗത്തു വീഴ്ച ഇല്ലെന്നും സ്റ്റാഫ് നഴ്സാണ് ഉത്തരവാദിയെന്നും ഡോ.സുജ വാദിച്ചു.
എന്നാൽ സിസേറിയൻ കഴിയുമ്പോൾ അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന് ലോക് അദാലത്ത് ചെയർമാൻ പി.ശശിധരൻ, അംഗങ്ങളായ വി.എൻ.രാധാകൃഷ്ണൻ, ഡോ.മുഹമ്മദ് ഷെറീഫ് എന്നിവർ വ്യക്തമാക്കി. സേവന സംബന്ധമായ കേസുകൾ പരിഗണിക്കുന്ന സ്ഥിരം ലോക് അദാലത്തിന്റെ വിധിക്ക് അപ്പീൽ ഇല്ല. ലോക് അദാലത്തിന്റെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്നു പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാം.