അവഗണനയിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ; സ്ഥിര ജീവനക്കാരില്ല

Mail This Article
ബാലരാമപുരം ∙ വിഴിഞ്ഞം തുറമുഖവുമായി ഏറെ അടുത്തുകിടക്കുന്ന ബാലരാമപുരം റെയിൽവേ സ്റ്റേഷനെ മന്ത്രാലയം അവഗണിക്കുന്നതിൽ നാട്ടുകാർക്കും യാത്രക്കാർക്കും പ്രതിഷേധം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെയുള്ള ഈ സ്റ്റേഷൻ വിഴിഞ്ഞം–കാട്ടാക്കട റോഡിൽ ബാലരാമപുരം ജംക്‌ഷനിൽനിന്ന് ഒരു കിലോമീറ്റർ മാറി തേമ്പാമുട്ടത്താണ് പ്രവർത്തിക്കുന്നത്.
സ്ഥിരം ജീവനക്കാർ പോലുമില്ല. തൊട്ടടുത്തുള്ള തേമ്പാമുട്ടം റെയിൽവേ ലവൽ ക്രോസിലെ ജീവനക്കാർ നൽകുന്ന സിഗ്നൽ അനുസരിച്ചാണ് പ്രവർത്തനം. ടിക്കറ്റ് ലഭിക്കാനും ബുദ്ധിമുട്ടാണ്. കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ജീവനക്കാരൻ നെയ്യാറ്റിൻകര സ്റ്റേഷനിൽനിന്ന് ടിക്കറ്റു വാങ്ങി പകൽ സമയം വിറ്റുപോകുന്നതാണ് പതിവ്.
വല്ലപ്പോഴും നിർത്തുന്ന ട്രെയിനുകളിൽ നിന്ന് ഒന്നോ രണ്ടോ ആളുകൾ കയറുകയോ ഇറങ്ങുകയോ ചെയ്യും. തിരക്കുള്ള സമയങ്ങളിലെ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിച്ചിട്ടില്ല. അറുപതോളം പടി കയറിവേണം ടിക്കറ്റ് കൗണ്ടറിലെത്താൻ. ഇവിടേക്കുള്ള പടികളും പരിസരങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പ്രഭാത–സായാഹ്ന സവാരിക്കെത്തുന്നവർ മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ കൂടുതലായി വന്നുപോകുന്നത്.