തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിച്ചു

Mail This Article
തിരുവനന്തപുരം∙ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിച്ചു. റസ്റ്ററന്റ് മുതൽ ഡെലിവറി പോയിന്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം വേതനമായി 25 രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്‌നർ നിൽക്കുന്ന സ്ഥലത്തുനിന്ന് റസ്റ്ററന്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്കും വ്യവസ്ഥകളോടെയാണ് വേതനം പുതുക്കി നിശ്ചയിച്ചത്. മാർച്ച് 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് ജീവനക്കാരുടെ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയുടെ നിർദേശാനുസരണം നടന്ന ചർച്ചയിലാണ് തീരുമാനം. അഡീഷനൽ ലേബർ കമ്മിഷണർ കെ.എം.സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഐടിയു പ്രതിനിധി സുകാർണോ, ഐഎൻടിയുസി പ്രതിനിധി പ്രതാപൻ, എഐടിയുസി പ്രതിനിധി സജിലാൽ, റീജിയനൽ ഡയറക്ടർ റാഹത്ത് ഖന്ന എന്നിവർ പങ്കെടുത്തു.