ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാന നഗരിയുടെ ഹൃദയതാളവും മുഖച്ചിത്രവുമാണ് ഭരണസിരാകേന്ദ്രത്തിലെ ചതുർമുഖ ഘടികാരം. കാലത്തെയും സമയത്തെയും അളന്നെടുക്കാൻ ഒന്നര നൂറ്റാണ്ടിലേറെയായി ചലിച്ചു കൊണ്ടിരിക്കുന്ന സെക്രട്ടേറിയറ്റിലെ ടവർ ക്ലോക്ക് കേരള ചരിത്രത്തിന്റെ ദിശാസൂചിക കൂടിയാണ്. ഭരണാധികാരികളുടെ പടിയേറ്റവും പടിയിറക്കവും എത്രയോ കണ്ട ടവർ ക്ലോക്കിന് 158 വയസ്സ് തികഞ്ഞു. പുതുവർഷപ്പിറവിയിലാണ് ക്ലോക്കിന്റെ പിറന്നാൾ.

പഴയ ഹജൂർ കച്ചേരി (ഹുസൂർ കച്ചേരി) യായ ഇന്നത്തെ സെക്രട്ടേറിയറ്റിൽ 1867 ജനുവരി ഒന്നിനാണ് ക്ലോക്ക് സ്ഥാപിച്ചത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയുടെ കാലത്താണ് ഭരണ നിർവഹണത്തിനായി ഹജൂർ കച്ചേ‍രി നിർമിച്ചത്. ഇതാണ് പിന്നീട് സെക്രട്ടേറി‍യറ്റായത്. ഹജൂർ കച്ചേരിയിലാണ് 2 മുഖങ്ങളുള്ള ടവർ ക്ലോക്ക് ആദ്യം സ്ഥാപിച്ചത്. ആയില്യം തിരുനാൾ രാമവർമയാണ് ഇതിന് നിർദേശം നൽകിയത്. റിസ്റ്റ് വാച്ച് സാർവത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ ഈ ഗോപുര ഘടികാരമാണു യാത്രികരെ സമയമറിയിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിനു മുകളിലാണ് ടവർ ക്ലോക്കിന്റെ സ്ഥാനം.

ലണ്ടനിൽനിന്ന് കപ്പലിലെത്തി 
പ്രമുഖ ക്ലോക്ക് നിർമാതാക്കളായ യുകെയിലെ ഡെന്റ് കമ്പനിയാണ് ക്ലോക്ക് നിർമിച്ചത്. ആയില്യം തിരുനാൾ മഹാരാജാവിന് വിക്ടോറിയ രാജ്ഞി സമ്മാനമായി കൊടുത്തതാണ് ടവർ ക്ലോക്കെന്നും പറയപ്പെടുന്നു. കപ്പൽ മാർഗം കൊല്ലത്തും തുടർന്ന് കുതിരവണ്ടിയിലും തിരുവനന്തപുരത്ത് എത്തിച്ചു. രാജപാതയ്ക്ക് നേരെ കിഴക്കും പടിഞ്ഞാറുമായി രണ്ടു മുഖങ്ങൾ മാത്രമാണ് ക്ലോക്കിൽ ആദ്യം ഉണ്ടായിരുന്നത്.

ലണ്ടനിലെ ജോൺ വാർണർ ആൻഡ് സൺസാണ് 2 ദിശയിലേക്കും ഓരോ മണി നിർമിച്ചു നൽകിയത്. ഘടികാരത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഡയലുകൾ ഇംഗ്ലണ്ടിലാണ് നിർമിച്ചത്, തെക്കും വടക്കുമുള്ളത് ഇന്ത്യൻ നിർമിതമാണ്. ഒരു ദണ്ഡിൽ ഘടിപ്പിച്ചിട്ടുള്ള 4 ക്രൗൺ ചക്രങ്ങളാണ് ഈ കൂറ്റൻ ഘടികാരത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇംഗ്ലണ്ടിലെ രാജകൊട്ടാരമായ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് നാഴികമണി നിർമിച്ചു നൽകുന്നവരാണ് ജോൺ വാർണർ ആൻഡ് സൺസ്.

3 ഇരുമ്പുകട്ടികൾ, പവർഹൗസ്
നാക്കിലെ സ്പ്രിങിനു പകരം അലുമിനിയം റോപ് വഴി തൂക്കിയിട്ട ഇരുമ്പു കട്ടികളുടെ ചലനത്താലാണ് ക്ലോക്കിലെ പെൻഡുലം ആടുന്നതു മുതൽ മണി മുഴക്കുന്നതു വരെയുള്ള പ്രവർത്തനം. മൂന്ന് ഉരുക്ക് കട്ടികൾക്കും വ്യത്യസ്ത ഭാരം. എൽ ആകൃതിയിലെ ലിവർ ഉപയോഗിച്ച് കറക്കി ഇരുമ്പു കട്ടികളെ മുകളിലെത്തിക്കും.

ഓരോ ദിവസവും ഇടവിട്ട് കീ കൊടുത്തില്ലെങ്കിൽ ക്ലോക്കിന്റെ താളം നിലയ്ക്കും. കീ കൊടുത്താൽ 48 മണിക്കൂർ വരെ ചലിക്കും. ലോഹ നിർമിതമായ 3 മണികളാണ് ക്ലോക്കുകളിൽ. ദർബാർ ഹാളിലെ മൂന്നു നിലകളിൽ മൂന്നിടങ്ങളിലായിട്ടാണ് ക്ലോക്കിന്റെ ഭാഗങ്ങൾ. മുകളിലത്തെ നിലയിലാണ് ഡയൽ. രണ്ടാം നിലയിൽ യന്ത്രഭാഗങ്ങൾ.

താഴത്തെ നിലയിലാണ് ഉരുക്ക് കട്ടികൾ. സമയക്രമം അനുസരിച്ച് ഒന്നു മുതൽ 12 വരെ മണി മുഴക്കും. കാൽ, അര, മുക്കാൽ മണിക്കൂറുകളാകുമ്പോൾ യഥാക്രമം 1, 2, 3 മണികൾ വീതം മുഴങ്ങും. കൃത്യമായ ഇടവേളകളിൽ ഓയിലും, ഗ്രീസും പുരട്ടുകയും ഒന്നര ദിവസം കൂടുമ്പോഴുള്ള കീ കൊടുക്കലുമാണ് ക്ലോക്കിന്റെ ‘ജീവൻ ടോൺ’. മഴക്കാലത്ത് 3 മാസം കൂടുമ്പോൾ ഓയിലും ഗ്രീസുമിട്ട് ക്ലോക്കിന് ഊർജം പകരും. വേനൽക്കാലമാകുമ്പോൾ 2 മാസത്തിലൊരിക്കലാണ് ‘ആരോഗ്യ സംരക്ഷണ ചികിത്സ’.

ക്ലോക്കിനു മുകളിൽ പാറിപ്പറന്ന് ദേശീയപതാക
ടവർ ക്ലോക്കിനു മുകളിൽ ദേശീയ പതാകയും സ്ഥാപിച്ചിട്ടുണ്ട്. ക്ലോക്കിൽ രാവിലെ 6ന്, 6 തവണ മണി മുഴങ്ങുമ്പോൾ ദേശീയ പതാക ഉയർത്തും, വൈകിട്ട് 6 ആകുമ്പോൾ താഴ്ത്തും. സെക്രട്ടേറിയറ്റിലെ നാലു ഗേറ്റുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സമയം നിശ്ചയിക്കുന്നതും ടവർ ക്ലോക്ക് തന്നെ. 2 സുരക്ഷാ ജീവനക്കാരാണ് ദേശീയ പതാക ഉയർത്തുന്നതും താഴ്ത്തുന്നതും. 

പ്രത്യേക സുരക്ഷാ മേഖല കൂടിയായ സെക്രട്ടേറിയറ്റിൽ അതീവ സുരക്ഷയാണ് ക്ലോക് ടവറിന് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന കൺട്രോളർ ഓഫ് സ്റ്റേഷനറി വകുപ്പിനാണ് നാഴികമണിയുടെ അറ്റകുറ്റപ്പണിയുടെ ചുമതല. സെക്രട്ടേറിയറ്റിലെ ഹൗസ്കീപ്പിങ് വിഭാഗത്തിനു കീഴിലാണ് ടവർ ക്ലോക്ക്. സ്റ്റേഷനറി വകുപ്പിലെ മെക്കാനിക്കൽ ഫോർമാൻ എൻ.രാജീവ് കുമാറാണ് ക്ലോക്കിന്റെ ‘ആരോഗ്യ സംരക്ഷകൻ’. സമയക്രമത്തിന്റെ കാര്യത്തിൽ കിറുകൃത്യമാണ് ടവർ ക്ലോക്കിലെ സമയം.

സിന്ദൂരപ്പൊട്ട് പോലെ മണി
ഇടയ്ക്ക് പിഴയ്ക്കും, ചിലപ്പോൾ ഓട്ടം നിലയ്ക്കും, പക്ഷേ നാഴികമണി ഇപ്പോഴും ചലനം തുടരുകയാണ്, യൗവനം നിലനിർത്തിക്കൊണ്ട്. 1989 മാർച്ചിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഒരു മാസത്തിലേറെ കാലം നാഴികമണിയുടെ മുഖം പൊത്തി വച്ചു അന്നത്തെ സർക്കാർ. പനമ്പു തട്ടിയും ചൂളമര കഴകളും കൊണ്ടു മറച്ചായിരുന്നു പണി. മൂന്നു വകുപ്പുകൾ ചേർന്നാണ് നാഴിക മണി നന്നാക്കുന്ന യജ്ഞം അന്ന് തുടങ്ങിയത്.

ഘടികാരം എണ്ണയിട്ടു തുടച്ചു വൃത്തിയാക്കണമെന്ന് സെക്രട്ടേറിയറ്റിലെ സ്റ്റേഷനറി വകുപ്പ് റിപ്പോർട്ട് നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് റിപ്പോർട്ട് അയച്ചു കൊടുത്തത്. പണി ആരംഭിക്കാൻ അനുമതിയുമായി. നാഴികമണി പനമ്പു കൊണ്ടു മറയ്ക്കാനുള്ള പണി ഏൽപ്പിച്ചത് സെക്രട്ടേറിയറ്റിലെ ബിൽഡിങ് സെക‍്ഷനിലായിരുന്നു.

അവർ ആ പണി നടത്തി ഒഴിഞ്ഞു മാറി. അതോടെ സ്റ്റേഷനറി വകുപ്പിലെ ഒരു ക്ലോക്ക് മെക്കാനിക് രംഗത്തെത്തി. ഇതോടെ സമയദർശിനി പനമ്പു തട്ടിക്കുള്ളിൽ 3 മാസം സുഖനിദ്രയിലുമായി. ഉന്നത ഇടപെടലിനെ തുടർന്നാണ് ക്ലോക്കിന് ജീവൻ വച്ചത്. ക്ലോക്കിന് അറ്റകുറ്റപ്പണി വരുമ്പോൾ ഇക്കാര്യം മുൻകൂട്ടി ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ഇതിനു ശേഷമാണ് അറ്റകുറ്റപ്പണികൾ ആരംഭിക്കുക.

സെക്രട്ടേറിയറ്റിന് രാഷ്ട്രപിതാവിന്റെ പ്രായം
സെക്രട്ടേറിയറ്റിന്റെ ഭാഗമായ പഴയ ഹജൂർ കച്ചേ‍രിക്ക് നമ്മുടെ രാഷ്ട്രപിതാവിന്റെ പ്രായം. വഞ്ചിയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിന്റെ ആകെ വിസ്തൃതി 10.5 ഏക്കർ. റോമൻ–ഡച്ച് വാസ്തുശിൽപ മാതൃകയിൽ, 1864 ഡിസംബർ 8ന് പഴയ ഹജൂർ ക‍ച്ചേരിയുടെ നിർമാണം തുടങ്ങി.

രാഷ്ട്രപിതാവ് ജനിച്ച 1869ൽ പണി തീർന്നു. ബ്രി‍ട്ടിഷ് വൈസ്രോയി വെല്ലിങ്ടൻ പ്രഭു(Lord Wellington) നിയമസഭാ മന്ദിരത്തിനു 1933 ഡിസംബറിൽ കല്ലി‍ട്ടു. നിർമാണത്തിനു ചുക്കാൻ പിടിച്ചത് തിരുവിതാംകൂർ ദിവാൻ സർ സി.പി.രാമസ്വാമി അ‍യ്യർ. ചരിത്ര സ്മാരകമായ സെക്രട്ടേറി‍യേറ്റിലെ ഇപ്പോഴുള്ള നിയമസഭാ മന്ദിരം 1939 ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്.

English Summary:

The Thiruvananthapuram Secretariat Clock Tower, a landmark symbol of Kerala's history, recently celebrated its 158th birthday. The four-faced clock, standing in the administrative center, has been a part of the city’s identity for over a century and a half.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com