കുരിശുമുട്ടത്ത് സംഘങ്ങൾ ഏറ്റുമുട്ടി; 2 ബൈക്കുകൾ കത്തിച്ചു, കാറിന്റെ ഗ്ലാസ് തകർത്തു

Mail This Article
മലയിൻകീഴ് ∙ വിളവൂർക്കൽ കുരിശുമുട്ടത്ത് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരുക്ക്. ഒരു കാറിന്റെ പിറകുവശത്തെ ഗ്ലാസ് അടിച്ചു തകർത്തു. രണ്ടു ബൈക്കുകൾ കത്തിനശിച്ച നിലയിൽ. കുരിശുമുട്ടം പള്ളിവിള വീട്ടിൽ അഭിജിത്ത് (33) ആണ് വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയത്. ഇയാളുടെ പരാതിയിൽ പെരുമ്പഴുതൂർ വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ സജിയെ (37) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. കുരിശുമുട്ടത്തെ സ്വകാര്യ ചാരിറ്റബിൾ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെരുമ്പഴതൂർ സ്വദേശി സുജിത്തും സുഹൃത്തുക്കളായ സജിയും മറ്റു രണ്ടുപേരും തിങ്കളാഴ്ച രാത്രി പതിനൊന്നോടെ കാറിൽ കുരിശുമുട്ടത്തെത്തി.
ഇവരുമായിയാണ് കുരിശുമുട്ടം ജംക്‌ഷനിൽ ഉണ്ടായിരുന്ന അഭിജിത്തും കൂട്ടരും ഏറ്റുമുട്ടിയത്. ഇരുസംഘങ്ങളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഗ്ലാസാണ് തകർത്തത്. കാർ സംഭവസ്ഥലത്തു ഉപേക്ഷിച്ചാണ് സുജിത്തും സംഘവും കടന്നത്. പരുക്കേറ്റ അഭിജിത്തിന്റെ ബൈക്കും കൂടെ ഉണ്ടായിരുന്ന മറ്റൊരാളുടെ ബൈക്കും ആണ് കത്തി നശിച്ചത്. സുജിത്തും സംഘവും കത്തിച്ചതായാണു ആരോപണം. സുജിത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.