അപകടം: പൂവാറിൽ രേഖകളില്ലാത്ത 3 ബോട്ടുകൾ പിടിച്ചെടുത്തു

Mail This Article
പാറശാല∙ ഇൻഷുറൻസ്, ഡ്രൈവർക്ക് ലൈസൻസ്, തുടങ്ങിയ രേഖകൾ ഇല്ലാത്ത മൂന്നു ബോട്ടുകൾ പൂവാർ പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം യാത്രാ ബോട്ട് മറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പൂവാർ പൊലീസ് പരിശോധന നടത്തിയത്. അപകടം സംഭവിച്ച ബോട്ടും കസ്റ്റഡിയിൽ എടുത്ത് കേസ് റജിസ്റ്റർ ചെയ്തു.പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം പറയൻവിളയിൽ പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് 6 യാത്രക്കാരുമായി കഴിഞ്ഞ ദിവസം രാവിലെ മറിഞ്ഞത്. സെൽഫി എടുക്കാൻ യാത്രക്കാർ ഒരുവശത്തേക്കു കൂടിയതാണ് അപകടത്തിന് കാരണം.
വെള്ളം കുറവായതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. ബോട്ട് ഡ്രൈവറുടെ ബന്ധുക്കൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. 450 ബോട്ടുകൾ സർവീസ് നടത്തുന്ന പൂവാറിൽ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ആണ് കൂടുതൽ. വർഷങ്ങളായി ബോട്ട് ഒാടിക്കുന്ന ഭൂരിഭാഗം പേർക്കും ബോട്ട് പിടിച്ചുകെട്ടാൻ അനുവദിക്കുന്ന ലസ്കർ ലൈസൻസ് ആണുള്ളത്. ഡ്രൈവർമാരുടെ ലഹരി ഉപയോഗം, വേണ്ടത്ര പരിചയം ഇല്ലായ്മ എന്നിവ നിരീക്ഷിക്കാൻ സംവിധാനം ഇല്ല. കുറഞ്ഞ വേതനം നൽകുന്നതിനാൽ പരിചയ സമ്പന്നരായ ഡ്രൈവർമാർ പൂവാറിൽ ജോലി ചെയ്യാൻ താൽപര്യം കാട്ടുന്നില്ല.