3 കോടതികളിൽ ‘ബോംബ് ഭീഷണി’: ജീവനക്കാരെ ഒഴിപ്പിച്ചു, വ്യാപക പരിശോധന; വ്യാജമെന്ന് സ്ഥിരീകരണം

Mail This Article
തിരുവനന്തപുരം / ആറ്റിങ്ങൽ ∙ വഞ്ചിയൂർ ജില്ലാ കോടതിയിലും ആറ്റിങ്ങൽ കോടതി കോംപ്ലക്സിലുള്ള കുടുംബക്കോടതി, എംഎസിടി കോടതി എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിൽ വഴി ഭീഷണി. ഭീഷണി സന്ദേശത്തെത്തുടർന്നു രണ്ടിടത്തെയും കോടതികളിലെ ജീവനക്കാരെ ഒഴിപ്പിച്ച് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന്, കഴിഞ്ഞ മാസം കലക്ടറേറ്റിനു നേരെയുണ്ടായ ബോംബ് ഭീഷണി പോലെ ഇതും വ്യാജമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

വഞ്ചിയൂർ ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇന്നലെ വൈകിട്ട് 3.30ന് സ്ഫോടനം ഉണ്ടാകുമെന്നുമായിരുന്നു കോടതിയുടെ ഔദ്യോഗിക മെയിലിൽ എത്തിയ സന്ദേശം. ഉച്ചയ്ക്കു 1.30ന് വന്ന ഇമെയിൽ 3 നാണ് അധികൃതർ ശ്രദ്ധിക്കുന്നത്. ഉടൻ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും കോടതിയിലെ എല്ലാ വിഭാഗങ്ങളിലേക്കും ജാഗ്രതാസന്ദേശം അയയ്ക്കുകയും ചെയ്തു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ എത്തി കോടതിയും പരിസരവും പരിശോധിച്ചു.
ആറ്റിങ്ങൽ കുടുംബക്കോടതിയിലും, എംഎസിടി കോടതിയിലും ഇന്നലെ രാവിലെ 8.45നും 8.49നുമായാണ് അജ്ഞാത ഇമെയിൽ സന്ദേശങ്ങൾ എത്തിയതെങ്കിലും അധികൃതരുടെ ശ്രദ്ധയിൽപെടുന്നത് വൈകിട്ട് 3.30നാണ്. വിവരം അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി ജീവനക്കാരെയും അഭിഭാഷകരെയും ഒഴിപ്പിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും , ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇതിനിടെ ജില്ലാ കോടതിയിൽനിന്നും വിവരം കൈമാറിയിരുന്നു. ഇന്റർനെറ്റ് തകരാർ കാരണമാണ് മെയിൽ തുറക്കാൻ സാധിക്കാഞ്ഞതെന്ന് അധികൃതർ പറഞ്ഞു. സംഭവങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തുടരെ ഭീഷണികൾ
കൽപറ്റ കുടുംബക്കോടതി, അടൂർ അതിവേഗ സ്പെഷൽ കോടതി, വയനാട് കുടുംബക്കോടതി എന്നിവിടങ്ങൾക്കു നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ബോംബ് ഭീഷണി ഉണ്ടായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്നു പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിൽ ഭീഷണി സന്ദേശം അയച്ചിരുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ സ്വകാര്യ ഹോട്ടലിന് മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലായിരുന്നു ഇ–മെയിലിൽ വ്യാജ ബോംബ് ഭീഷണി എത്തിയത്.
വഴുതക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലിനു നേരെയും സമാനമായി വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ രണ്ട് കേസുകളും സൈബർ ക്രൈം പൊലീസ് ആണ് അന്വേഷിക്കുന്നത്. കിഴക്കേകോട്ടയിലെ ഹോട്ടലിനു നേരെയുള്ള ഭീഷണി സന്ദേശം എത്തിയത് പോളണ്ടിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇ–മെയിൽ സന്ദേശത്തിന്റെ ഉറവിടം തേടി സൈബർ സെൽ നൽകിയ കത്തിന് മറുപടിയായി മൈക്രോസോഫ്റ്റ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.