സുകാന്തിന് ഉന്നത ബന്ധങ്ങൾ; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം: സ്ക്വാഡുകളെ തിരിച്ചുവിളിച്ചു

Mail This Article
തിരുവനന്തപുരം∙ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് യുവതിയുടെ കുടുംബം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്ന് പിതാവ് ‘മനോരമ’യോട് പറഞ്ഞു. പ്രതിസ്ഥാനത്തുള്ള സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ, സംഭവം നടന്ന് 24 ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദമുള്ള പ്രതിയെ രക്ഷിക്കാൻ സേനയിൽ ചിലർ അണിയറ നീക്കം നടത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. സുകാന്തിനെ പിടികൂടാൻ നിയോഗിച്ച 2 സ്ക്വാഡുകളെയും തിരിച്ചു വിളിച്ച് മറ്റ് കേസുകളുടെ ചുമതലയേൽപിച്ചു.
കഴിഞ്ഞ 24നാണു തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്ത് പ്രണയം നടിച്ച് യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമാണു കേസ്.