മാവിൻമൂട്–പറകുന്ന്–ഇരുപത്തെട്ടാം മൈൽ റൂട്ടിൽ ബസില്ല; യാത്രാക്ലേശം രൂക്ഷം
Mail This Article
കല്ലമ്പലം∙ വർക്കല –കല്ലമ്പലം റോഡിനെ നാവായിക്കുളം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ഇട റൂട്ടും പ്രധാന പാതയും ആയ മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാം മൈൽ മേഖലയിൽ വേണ്ടത്ര ബസ് ഇല്ലാതായിട്ട് വർഷങ്ങൾ. ആകെ ഉണ്ടായിരുന്ന 3 ബസുകൾ കോവിഡ് വന്നതോടെ നിർത്തലാക്കി. ഇപ്പോൾ ആകെയുള്ളത് ഒരു സ്വകാര്യ ബസ് മാത്രം. നിർത്തലാക്കിയ രണ്ട് കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കാത്തത് നാട്ടുകാരെ വലയ്ക്കുന്നു. ഇതു സംബന്ധിച്ച് പരാതി അധികാരികൾക്ക് നൽകി എങ്കിലും അനുകൂലമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസിയും പൊതു പ്രവർത്തകനും ആയ ആനാംപൊയ്ക രാധാകൃഷ്ണൻ പറഞ്ഞു.
നാലു കോടിയോളം രൂപ ചെലവിട്ട് പുനർ നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള റൂട്ടിലാണ് യാത്രാ ക്ലേശം. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ഏതാനും കെഎസ്ആർടിസി ബസുകൾ മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാംമൈൽ വഴിയും തിരിച്ചും സർവീസ് നടത്തിയാൽ പ്രദേശവാസികൾക്ക് ഇത് വലിയ ആശ്വാസമാകും. യാത്രാ ക്ലേശം രൂക്ഷമായ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു ചെയിൻ സർവീസ് തുടങ്ങുന്ന കാര്യം സംബന്ധിച്ച് ആർടിഒക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പരിഗണിക്കും എന്ന പ്രതീക്ഷയിൽ ആണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു അറിയിച്ചു.