ശസ്ത്രക്രിയയുടെ ദൃശ്യം പകർത്തി; ജീവനക്കാരനു സസ്പെൻഷൻ
Mail This Article
പാറശാല ∙ ഒാപ്പറേഷൻ തിയറ്ററിൽ ശസ്ത്രക്രിയയുടെ ദൃശ്യം പകർത്തിയ താൽക്കാലിക ജീവനക്കാരനു സസ്പെൻഷൻ. പാറശാല താലൂക്ക് ആശുപത്രിയിലെ അനസ്തീസിയ വിഭാഗത്തിൽ ജോലി ചെയ്യുന്ന ടെക്നിഷ്യനാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒരാഴ്ച മുൻപ് ശസ്ത്രക്രിയ നടക്കുന്ന സമയം തിയറ്ററിൽ ഉണ്ടായിരുന്ന യുവാവ് ദൃശ്യം ഫോണിൽ പകർത്തുന്നത് ഡോക്ടർ, ഹെഡ് നഴ്സ് എന്നിവരുടെ ശ്രദ്ധയിൽപെട്ടു.
ചട്ടം ലംഘനം സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനു ഇരുവരും പരാതി നൽകി. സൂപ്രണ്ട് ആശുപത്രിയിലെ അഭ്യന്തര കമ്മിറ്റിയെ വിവരം അറിയിക്കുകയും തുടരന്വേഷണം നടത്തുകയു ചെയ്തു. വിവരം ഡിഎംഒയെ അറിയിച്ച ശേഷമാണ് സസ്പെൻഷൻ നടപടി. ഓപ്പറേഷൻ തിയറ്ററിൽ മുൻപും ചട്ടലംഘനം നടത്തിയതിനു ഉന്നത ഉദ്യോഗസ്ഥർ ഇയാൾക്ക് താക്കീത് നൽകി ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കിയിരുന്നു. ഭരണപക്ഷത്തെ ഉന്നതർ ഇടപെട്ടാണ് അന്ന് നടപടി പിൻവലിച്ചതെന്ന് ആരോപണമുണ്ട്.