മാവിൻമൂട്, നാവായിക്കുളം മേഖലകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി ഇല്ല
Mail This Article
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ മാവിൻമൂട്,പറകുന്ന് ഇരുപത്തെട്ടാംമൈൽ,ഡീസന്റ് മുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. 3 മാസത്തിനിടയിൽ പഞ്ചായത്തിലെ വിവിധ വീടുകളിൽ വളർത്തിയിരുന്ന നൂറിൽ പരം കോഴികളെ തെരുവുനായ്ക്കൾ കൊന്നു. മൂന്ന് മാസം മുൻപ് ഡീസന്റ്മുക്ക് ദാറുൽ ബുസ്താനിൽ നസീറിന്റെ വീട്ടിലെ 20 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത് ഒടുവിലത്തെ സംഭവം. പ്രദേശത്ത് കോഴിയെയും ആടിനെയും വളർത്താൻ കഴിയാത്ത സ്ഥിതിയാണ് എന്ന് നാട്ടുകാർ പറയുന്നു.
കാൽനട യാത്രക്കാർക്കു ഇരുചക്രവാഹന യാത്രക്കാർക്കും ഇവ ഭീഷണിയാകുന്നുണ്ട്. ഒരു മാസം മുൻപ് പറകുന്നിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതോടെ ഇടവ സ്വദേശികളായ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വന്ധ്യകരണം പോലുള്ള നടപടികൾ തുടങ്ങി എങ്കിലും പൊതു ജന പങ്കാളിത്തം ഇല്ലാതെ ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും കൂടുതൽ തുക പദ്ധതിക്ക് വകയിരുത്തി വരും വർഷങ്ങളിൽ വന്ധ്യകരണം ഫലപ്രദമാക്കാൻ തീരുമാനം ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അറിയിച്ചു.