ADVERTISEMENT

തിരുവനന്തപുരം ∙ മുതലപ്പൊഴി അഴിമുഖത്ത് ഇതിനകം നീക്കം ചെയ്ത് ചാനലിൽ കൂട്ടിയിരിക്കുന്ന മണൽക്കൂമ്പാരം അടിയന്തരമായി തുറമുഖത്തിന്റെ വടക്കു ഭാഗത്തേക്കു മാറ്റാൻ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനം. ഇന്നു മുതൽ പൊഴി മുറിക്കുന്നതിനുള്ള ജോലി തുടങ്ങുന്നതോടൊപ്പം ഈ ജോലികളും നടക്കും. ഡ്രജർ കൂടുതൽ സമയം പ്രവർത്തിപ്പിക്കാൻ കൂടുതൽ ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമാക്കും. ഒരു ഡ്രജർ കൂടി അടിയന്തരമായി എത്തിക്കാൻ ശ്രമിക്കും. കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതും മണിക്കൂറിൽ ശരാശരി 400 ഘനമീറ്റർ മണ്ണ് നീക്കാൻ ശേഷിയുള്ളതുമായ ‘ചന്ദ്രഗിരി’ ഡ്രജർ കണ്ണൂർ അഴീക്കലിൽ നിന്ന് 28നു മുൻപ് മുതലപ്പൊഴിയിൽ എത്തിക്കും.

മണ്ണു വാരാൻ ഇപ്പോൾ പ്രവർത്തിക്കുന്ന 4 എസ്കവേറ്ററുകൾക്കു പുറമേ 2 ലോങ് ബൂം എസ്കവേറ്ററുകൾ കൂടി എത്തിക്കും. അസാധാരണ സാഹചര്യത്തിൽ പൊഴിയിൽ മണ്ണടിഞ്ഞതിന്റെ കാരണങ്ങൾ പഠിക്കാൻ വിദഗ്ധ സ്ഥാപനത്തെ ചുമതലപ്പെടുത്തും. മുതലപ്പൊഴിയിൽ ബോട്ടുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തങ്കശ്ശേരി തുറമുഖത്ത് ബോട്ട് അടുപ്പിക്കാൻ താൽപര്യമുള്ളവർക്ക് അതിനു സൗകര്യമൊരുക്കാൻ 19 ന് യോഗം വിളിച്ചു ചേർക്കാൻ കൊല്ലം കലക്ടർക്കു നിർദേശം നൽകി. മുതലപ്പൊഴി ചാനലിൽ നിന്ന് കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ (കെഇഎംഡിഇഎൽ) മുഖേന സ്ഥിരമായി ഡ്രജിങ് നടത്തുന്നതു പരിശോധിക്കും.

മുതലപ്പൊഴി തുറമുഖ നിർമാണത്തിലെ അപാകത പരിഹരിച്ച് ശാശ്വതമായി അപകടരഹിതമാക്കാൻ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെ 177 കോടി രൂപയുടെ ജോലികൾ മേയ് 20 ന് മുൻപ് ആരംഭിക്കും. മീൻപിടിത്തത്തിനു പോകാൻ കഴിയാതെ തൊഴിൽ നഷ്ടപ്പെടുന്നവർക്കു സമാശ്വാസ ധനസഹായം നൽകുന്നതു പരിഗണിക്കും. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ലഭിച്ച ധനസഹായവും,  ധനസഹായം ലഭിക്കാത്തവരുടെയും വിവരം ശേഖരിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. ഈ തീരുമാനങ്ങളുടെ പുരോഗതി 30 യോഗം ചേർന്നു വിലയിരുത്തും. മന്ത്രി വി.ശിവൻകുട്ടി, വി.ശശി എംഎൽഎ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മുതലപ്പൊഴി അഴിമുഖ മുനമ്പ് പൂർണമായി അടഞ്ഞതോടെ കടലിൽ ഇറക്കാനാവാതെ സമീപത്തെ അഞ്ചുതെങ്ങ് കായലിൽ നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ.
മുതലപ്പൊഴി അഴിമുഖ മുനമ്പ് പൂർണമായി അടഞ്ഞതോടെ കടലിൽ ഇറക്കാനാവാതെ സമീപത്തെ അഞ്ചുതെങ്ങ് കായലിൽ നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ.

സർക്കാരിനെതിരെ ഏകത കൂട്ടായ്മ 
മടിയൻ മല ചുമക്കുമെന്നതാണ് മുതലപ്പൊഴി വിഷയത്തിൽ സർക്കാരിന്റെ അവസ്ഥയെന്ന് ഏകത കൂട്ടായ്മ പ്രസിഡന്റ് എറിക് സ്റ്റീഫൻ ആരോപിച്ചു. നവംബറിൽ തുടങ്ങേണ്ട മണൽനീക്കം ആരംഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം. എഴുപതിലധികം മീൻപിടിത്ത തൊഴിലാളികളുടെ ജീവനാണ് ഈ സർക്കാരിന്റെ കാലത്ത് നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധം ഇരമ്പുന്നു
ചിറയിൻകീഴ് ∙ അഴിമുഖത്തു മണൽ മൂടിയതിനെ തുടർന്ന് മീൻപിടിത്തം നിലച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രം ഇന്നലെയും സമരവേദിയായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് ഓഫിസിനു മുന്നിൽ ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടന്നു. ചർച്ചകളും വാഗ്ദാനങ്ങളുമല്ല നിലവിലെ തൊഴിൽ സ്തംഭനത്തിനു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമാണു വേണ്ടതെന്നു പ്രതിഷേധസമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സമയപരിധി വച്ചു മണൽനീക്കുമെന്ന ഹാർബർ അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായെന്നും മുതലപ്പൊഴിക്കു മാത്രമായി ആധുനിക ഡ്രജർ എത്തിക്കണമെന്ന മീൻപിടിത്ത തൊഴിലാളികളുടെ പ്രധാന ആവശ്യം പരിഗണിക്കാത്തത് തീരജനതയെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും ആരോപിച്ചു. ഹാർബർ എൻജിനീയറിങ് ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ്–ഐഎൻടിയുസി പ്രവർത്തകർ ഓഫിസ് ഉപരോധിച്ചു. ഡിസിസി ജനറൽസെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം നേതൃത്വം നൽകി. 

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിലെ ഹാർബർ എൻജിനീയറിങ് ഓഫിസ് കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ ഉപരോധിച്ചപ്പോൾ.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിലെ ഹാർബർ എൻജിനീയറിങ് ഓഫിസ് കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ ഉപരോധിച്ചപ്പോൾ.

അഴിമുഖത്തു അപകടകരമായ തോതിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ തുറമുഖകേന്ദ്രത്തിലെ എൻജിനീയറിങ് സബ്ഡിവിഷൻ ഓഫിസിലേക്കു മാർച്ച് ചെയ്തു. ഓഫിസ് മണിക്കൂറുകളോളം ഉപരോധിച്ചു. ജില്ലാ സെക്രട്ടറി തൊളിക്കോട് സിയാദ് ഉദ്ഘാടനം ചെയ്തു. അഴിമുഖ മുനമ്പ് പൂർണമായി മണൽ മൂടിയിട്ട് 5 ദിവസം കഴിയുമ്പോൾ മുതലപ്പൊഴി ഉൾപ്പെടുന്ന കടലോര മേഖലയിൽ അസംതൃപ്തി നിറയുകയാണ്. ബോട്ടുകൾ കടലിലിറക്കാനാവാതെ തൊഴിൽ നഷ്ടപ്പെട്ടതുമൂലം ആയിരക്കണക്കിനു കുടുംബങ്ങൾ പട്ടിണിയിലാകുന്ന സ്ഥിതിയാണ്. വലിയ ബോട്ടുകൾക്കും മീൻപിടിത്ത ഉപകരണങ്ങൾക്കുമായി വായ്പയെടുത്തവർ വൻ തുക തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയിലാണ്. അഴിമുഖം പൂർണമായി അടഞ്ഞതോടെ ഇരുന്നൂറിലേറെ ബോട്ടുകളാണ് കടലിലിറക്കാനാകാതെ സമീപത്തെ അഞ്ചുതെങ്ങ് കായലിൽ കുടുങ്ങിയത്.  20– 60 തൊഴിലാളികളാണു ദിവസേന ഓരോ ബോട്ടിലും പുറംകടലിൽ പണിക്കുപോയിരുന്നത്.

‘മണൽ നീക്കംചെയ്യും’: ഉറപ്പുനൽകി എൻജിനീയറിങ് വിഭാഗം
മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ മീൻപിടിത്തം വീണ്ടും തുടങ്ങാൻ സാഹചര്യമുണ്ടാക്കുമെന്ന് ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഉറപ്പു നൽകി. മുതലപ്പൊഴി അപകട പരമ്പരയെ തുടർന്ന് കമ്മിഷൻ സ്വമേധയാ എടുത്ത കേസ് ഇന്നലെ നടന്ന സിറ്റിങ്ങിൽ പരിഗണിക്കവേയാണ് ഹാർബർ എൻജിനീയറിങ് വിഭാഗം നിലപാട് അറിയിച്ചത്. ചാനലിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുകയാണ്. അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ അടുത്ത മാസം 15നു മുൻപ് പൂർണമായി നീക്കുമെന്നും അറിയിച്ചു.

തെക്കുഭാഗത്തു നിന്നുള്ള മണൽ നീക്കം കൂടുതലായതിനാൽ മൺസൂണിലെ അപകടങ്ങൾ ഒഴിവാക്കാൻ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രജർ മുതലപ്പൊഴിയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ അഴിമുഖത്തു നിന്നു ഡ്രജ് ചെയ്ത് നീക്കുന്ന മണ്ണ് കേരള മിനറൽസ് ഡവലപ്‌മെന്റ് കോർപറേഷന് നൽകും. പുലിമുട്ടിന്റെ നീളം കൂട്ടുന്ന ജോലികൾക്ക് കരാർ ഈ മാസം തന്നെ ഒപ്പിടും. പെരുമാതുറ, താഴംപള്ളി ഭാഗങ്ങളിലെ ഹാർബറിനുള്ളിലെ ജോലികൾക്കു ദർഘാസ് ക്ഷണിക്കാൻ നടപടി സ്വീകരിക്കുന്നതായും ഫിഷറീസ് വകുപ്പ് കമ്മിഷനെ അറിയിച്ചു.

English Summary:

Muthalappozhi harbor dredging is underway to address sand accumulation impacting fishermen. The government plans extensive harbor improvements and financial aid for affected communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com