രക്ഷയില്ലാതെ ലൈഫ് ഗാർഡുകൾ; രക്ഷാ ഉപകരണങ്ങളുടെ അഭാവം പരിഹരിച്ചില്ല

Mail This Article
വർക്കല ∙ വർക്കല തീരം മുതൽ കാപ്പിൽവരെ ലൈഫ് ഗാർഡുകളുടെ എണ്ണം കൂട്ടിയെങ്കിലും മതിയായ രക്ഷാ ഉപകരണങ്ങളുടെ അഭാവം തുടരുന്നു. റെസ്ക്യൂ ട്യൂബ്, റെസ്ക്യൂ ബോർഡ്, ലൈഫ് ബോയ്, റോപ് തുടങ്ങിയവയാണ് കുറവ്. ഒറ്റപ്പെട്ട തീരഭാഗത്ത് ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡിനു ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രക്ഷാ ഉപകരണങ്ങൾ മാസങ്ങളായി എത്തിക്കുമെന്നു പറഞ്ഞെങ്കിലും നടപ്പിലായില്ല. ഡ്യൂട്ടി നോക്കുന്ന അംഗങ്ങൾക്കു നിശ്ചിത കാലയളവിൽ നൽകേണ്ട യൂണിഫോമുകൾ ലഭ്യമായിട്ടില്ല.
വർക്കല മുതൽ കാപ്പിൽവരെ 18 പേരെ കൂടി രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. വർക്കല മെയിൻ ബീച്ചിലും തൊട്ടടുത്ത തിരുവമ്പാടി ബീച്ചിലും സൂപ്പർവൈസർ അടക്കം ഒരു ഷിഫ്റ്റിൽ 8 പേർ ഉണ്ടാകും. പുതിയ നിയമനത്തോടെ കാപ്പിൽ തീരത്ത് 2 പേരുണ്ട്. എന്നാൽ വെറ്റക്കട, മാന്തറ, ഓടയം, ഏണിക്കൽ ബീച്ചുകളിൽ ഒരു ദിവസം ഒരാൾ മാത്രമാണുണ്ടാവുക. വർക്കലയിൽ പുതുതായി നിയമിച്ച ലൈഫ് ഗാർഡുമാരിൽ ചിലരെ മറ്റു ബീച്ചിലേക്ക് മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായി സൂചനയുണ്ട്. ഇത് വീണ്ടും അരാജകാവസ്ഥ ഉണ്ടാക്കുമെന്നു ലൈഫ് ഗാർഡുകൾ പറയുന്നു.