ബഹിരാകാശ യാത്രികർക്കായി ഉപകരണങ്ങളുണ്ടാക്കാൻ ശ്രീചിത്ര; ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു
Mail This Article
തിരുവനന്തപുരം ∙ ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിന് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.ബഹിരാകാശത്ത് മനുഷ്യന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനു ടെലിമെഡിസിൻ ആൻഡ് കമ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ, ക്രൂ മെഡിക്കൽ കിറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിനാണു മുൻഗണനയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു.
ക്ലീൻ റൂം, മൈക്രോ ഗ്രാവിറ്റി ലാബുകൾ എന്നിവ വികസിപ്പിച്ചു നടത്തുന്ന പരീക്ഷണങ്ങൾ നിർണായകമാണന്ന് ശ്രീചിത്ര ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി പറഞ്ഞു. സഞ്ജയ് ബിഹാരിയും ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ഗണേഷ് പിള്ളയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ശ്രീചിത്ര പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അഡീഷനൽ സെക്രട്ടറി സുനിൽ കുമാർ, ശ്രീചിത്ര ഡപ്യൂട്ടി ഡയറക്ടർ പ്രഫ. മണികണ്ഠൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ.ഉണ്ണിക്കൃഷ്ണൻ നായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ.മോഹൻ, എച്ച്എസ്എഫ്സി ഡയറക്ടർ ഡോ.ദിനേശ് കുമാർ സിങ്, തിരുവനന്തപുരം ഐഐഎസ്ടി ഡയറക്ടർ ഡോ.ദീപാങ്കർ ബാനർജി, ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യുമൻ സ്പേസ് പ്രോഗ്രാം ഡയറക്ടർ ഹനുമന്ത്റായ് ബലുറഗി എന്നിവർ പങ്കെടുത്തു.