ADVERTISEMENT

തിരുവനന്തപുരം∙ തുറമുഖത്തു കപ്പലടുക്കുന്നത് സ്വപ്നം കണ്ടവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. അത് നാടിനെയും വരും തലമുറകളെയും നല്ല നാളെയിലേക്കു നയിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തുറമുഖം യാഥാർഥ്യമാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്കു നൽകിയ ഉറപ്പുകൾ ഇനിയും പാലിക്കപ്പെടേണ്ടതുണ്ട്. വിഴിഞ്ഞം ഹാർബറിന്റെ സമ്പൂർണ നവീകരണം, മാസ്റ്റർ പ്ലാൻ അനുമതി, തീരത്തിന്റെ പുനഃസ്ഥാപനം, ലാൻഡിങ് സെന്ററുകൾ, സുരക്ഷിതമായ ഹാർബർ മൗത്ത്, പുലിമുട്ട് നിർമാണം ,അനുബന്ധ തൊഴിലുകൾ തുടങ്ങിയവയും യാഥാർഥ്യമായിട്ടില്ല. 

വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി സംസ്ഥാന സർക്കാർ 9.57 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഇതുവരെ നഷ്ടപരിഹാരം ലഭിക്കാതിരുന്ന മത്സ്യത്തൊഴിലാളികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇത് എത്രയും വേഗം അർഹർക്ക് ലഭിക്കണമെന്നാണ് ആവശ്യം. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് 2.01 കോടി രൂപയുമാണ് അനുവദിച്ചത്. വനിതകൾക്ക് ഉൾപ്പെടെ കരമടി തൊഴിലാളികൾക്ക് സഹായമെത്തിച്ചതായും മത്സ്യബന്ധന വകുപ്പ് പറയുന്നു. പുനരധിവാസ സഹായ പ്രവർത്തനങ്ങളിൽ എല്ലാവർക്കും നീതി ലഭ്യമായെന്ന് ഉറപ്പാക്കണമെന്നാണ് സംഘടനകളുടെയും ആവശ്യം. 

വിഴിഞ്ഞം ഫിഷിങ് ഹാർബർ നവീകരണത്തിനായി 72 കോടിയുടെ പദ്ധതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനിന് അനുമതി കിട്ടിയാൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാകും.  വിഴിഞ്ഞം തുറമുഖത്തിനും പഴയ ഹാർബറിനും ഇടയിലുള്ള 300 മീറ്റർ സ്ഥലത്താണ് ഹാർബർ നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്. കാലവർഷക്കാലത്ത് മത്സ്യബന്ധന തുറമുഖത്തെ ശക്തമായ തിരയടി തടയാൻ നടപടി വേണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഹാർബർ മൗത്ത് വഴി വള്ളങ്ങൾക്ക് അകത്തു കയറാനാകണം. മുതലപ്പൊഴിയിലേതു പോലെ ഹാർബർ മൗത്തിൽ അടിഞ്ഞിട്ടുള്ള മണൽ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.

English Summary:

Vizhinjam harbor's delayed promises impact fishermen; compensation and infrastructure development lag despite government allocation. The project's success hinges on fulfilling commitments to the affected community and ensuring sustainable livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com